തലശേരി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ദുരൂഹതകള്‍ ഏറുന്ന ഈ കേസില്‍ പെണ്‍കുട്ടി നല്കിയ ആദ്യ മൊഴിയനുസരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് സംശയിച്ചിരുന്ന യുവാവിനെ പോലീസ് കണ്ടെത്തി. കോട്ടയം സ്വദേശിയായ യുവാവ് ഇപ്പോള്‍ കോഴിക്കോട് പ്ലസ് വണ്ണിനു പഠിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംഭവം നടക്കുമ്പോള്‍ യുവാവ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംഭവസമയത്ത് കോട്ടയത്താണു പ്രതിയെന്ന് സംശയിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി.
ഈ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്. തലശേരി ടൗണ്‍ സിഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശിയായ യുവാവും ഒരു ഓട്ടോറിക്ഷ ഡ്രൈവറും പോലിസിന്റെ നിരീക്ഷണത്തിലാണുള്ളത്. കൂടാതെ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ യുവാവിനു സൗകര്യമൊരുക്കി കൊടുത്തുവെന്ന് സംശയിച്ചിരുന്ന യുവതിയും നിരപരാധിയാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതൃസഹോദരിയെയാണു പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ട്യൂഷന് കഴിഞ്ഞ് വരികയായിരുന്ന തന്നെ പിതൃസഹോദരി കൂട്ടി കൊണ്ടുപോകുകയും ഒരു പഴയ തറവാട്ട് വീട്ടില്‍ വെച്ച് ശീതള പാനീയം നല്‍കിയെന്നും പിന്നീട് ഓര്മ നശിച്ച തന്നെ യുവാവ് പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പോലീസിനു നല്കിയ ആദ്യ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.
മയക്കത്തിലാണെങ്കിലും നടന്ന സംഭവങ്ങളെല്ലാം തനിക്ക് ഓര്‍മയുണ്ടെന്നും എന്നാല്‍ പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ തളര്‍ന്നു കിടന്നു പോയതായും പീഡനത്തിനു ശേഷം യുവാവ് രക്ഷപെട്ടുവെന്നും കരഞ്ഞു കൊണ്ട് പുറത്തിറങ്ങിയ തന്നെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ വീട്ടിലെത്തിച്ചുവെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. ഈ മൊഴിയില്‍ പറഞ്ഞതനുസരിച്ചുള്ള പ്രതിയെ കണ്ടെത്തിയപ്പോഴാണ് സംഭവം നടന്ന കാലഘട്ടത്തില്‍ ഈ പ്രതി കോട്ടയത്താണുണ്ടായിരുന്നതെന്നും അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നുവെന്നും വ്യക്തമായിട്ടുള്ളത്.
ഫേസ് ബുക്ക് വഴിയാണ് യുവാവിനെ പെണ്‍കുട്ടി പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്നു തന്നെ യുവാവിന്റെ ഫോട്ടോയും വിലാസവും സംഘടിപ്പിച്ച പോലീസ് സംഘം യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും സംഭവ സമയത്ത് കോട്ടയത്തായിരുന്ന അന്ന് ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാർഥി വടകരക്കടുത്ത സ്ഥലത്തെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നത് വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ്. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മിലുള്ള കടുംബവഴക്കുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. രണ്ട് വര്‍ഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നു നാട്ടിലെത്തിയ പിതാവിനോട് പെണ്‍കുട്ടി പങ്കു വെച്ചതോടെയാണ് സംഭവം പോലീസില്‍ എത്തുന്നത്.