തലയോലപ്പറന്പ്: ഭർതൃപിതാവിന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്നതിന്റെ പകയിൽ ഭർതൃപിതാവും ഭർത്താവും ചേർന്ന് യുവതിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർതൃപിതാവിനെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും മർദനത്തിനുമാണ് കേസെടുത്തത്. പാത്താമുട്ടം സ്വദേശിയാണ് അറസ്റ്റിലായത്.
രണ്ടു കുട്ടികളുടെ മാതാവായ യുവതി ഇപ്പോൾ തലയോലപ്പറന്പ് ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്. ഭർതൃപിതാവ് ഭർത്താവുമായി വീട്ടിലിരുന്ന് മദ്യപിച്ച് ഭർത്താവ് അബോധാവസ്ഥയിലാകുന്നത് പതിവാണെന്നും ശനിയാഴ്ച രാത്രി 9.30 ന് ഭർതൃപിതാവ് മകനുമായി മദ്യപിച്ചത് യുവതി ചോദ്യം ചെയ്തതിൽ പ്രകോപിതനായി ഭർതൃപിതാവു കഴുത്തിൽ കുത്തിപ്പിച്ചു ശ്വാസം മുട്ടിക്കുകയും ഭർത്താവു തലയിണ വച്ച് മുഖത്തമർത്തുകയും ചെയ്തുവെന്നും യുവതി പോലീസിന് മൊഴി നല്കി.
ശ്വാസം കിട്ടാതെ വിഷമിച്ച തന്നെ ഭർതൃസഹോദരി ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി വിതറിയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രി തന്നെ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് വന്നെങ്കിലും പോലീസ് തന്നെ ആശുപത്രിയിലാക്കാൻ കൂട്ടാക്കിയില്ലെന്ന് യുവതി പറയുന്നു. ഞായറാഴ്ച രാവിലെ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
കുടെയുണ്ടായിരുന്ന മൂന്നര വയസും ഒരു വയസുമുള്ള മക്കളെ ഭർതൃസഹോദരി ബലമായി കൊണ്ടുപോയി. പിന്നീട് ബന്ധുക്കളെ അറിയിച്ച് യുവതി തലയോലപറന്പ് ഗവണ്മെന്റാശുപത്രിയിൽ എത്തി ചികിൽസ തേടുകയായിരുന്നു.
തൊണ്ടയ്ക്ക് മുറിവു പറ്റിയ യുവതിക്ക് ആഹാരമിറക്കാനാകുന്നില്ല. ശരീരമാകെ മർദനമേറ്റ് നീരുവച്ച യുവതിയുടെ ഒരുചെവിക്ക് കേൾവിക്കുറണ്ട്.
2013ൽ യുവതിയുടേത് പ്രണയ വിവാഹമായിരുന്നു. വിവാഹത്തെ തുടർന്നുള്ള ആദ്യത്തെ ഒരു വർഷം ഏറെ സ്നേഹം നിറഞ്ഞതായിരുന്നു. പിന്നീട് ഭർതൃപിതാവ് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തന്നെ പലവട്ടം ശാരീരികമായി പീഢിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും താൻ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരിക്കുമൊക്കെ അറിയാമെങ്കിലും ആരും എതിർക്കാറില്ല.
ഭർത്താവും പിതാവും ചേർന്ന് നിരന്തരം മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട് ചിങ്ങവനം പോലീസിൽ പലതവണ പരാതിപ്പെട്ടപ്പോഴും പൊതു പ്രവർത്തകനായ അഭിഭാഷകൻ ഇടപ്പെട്ട് കേസൊതുക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. ഈ അഭിഭാഷകന്റെ വീട്ടിലെ പണിക്കാരനാണ് ഭർതൃപിതാവ്.
മരണത്തിന്റെ വക്കോളമെത്തി ഭാഗ്യവശാൽ ജീവൻ തിരിച്ചുകിട്ടിയ സാഹചര്യത്തിൽ ഇനി ഭർതൃവീട്ടിലേക്ക് മടക്കമില്ലെന്നും കുഞ്ഞുങ്ങളെ തിരിച്ചു വേണമെന്നും തന്നെ ക്രൂരമായി പീഢിപ്പിച്ച ഭർതൃപിതാവിനും ഭർത്താവിനുമെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.