തൊടുപുഴയില്‍ അനാഥപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പോലീസിന്റെ സാമര്‍ഥ്യം. കാരിക്കോട് ഉണ്ടപ്ലാവ് രണ്ടുപാലം സ്വദേശി കൊമ്പനാപറമ്പില്‍ നിഷാന്തിനെയാണ് (28) തൊടുപുഴ സിഐ ശ്രീമോന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റു ചെയ്തത്. ഇയാള്‍ ഓട്ടോഡ്രൈവറാണ്. ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിയെ വഴിതെറ്റിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടു നാലിനാണ് സംഭവം. മാതാപിതാക്കള്‍ ഉപേക്ഷിച്ച 19 കാരിയായ പെണ്‍കുട്ടി ഏറെ നാളായി ഓര്‍ഫനേജിലാണ് കഴിഞ്ഞിരുന്നത്.
സാക്ഷരത മിഷന്റെ പത്താം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ഥിനി ക്ലാസില്‍ പോയശേഷം തിരികെ പോകുന്നതിനായി ബസ് സ്റ്റാന്‍ഡിലേയ്ക്കു പോകുന്നതിനായി പ്രതിയുടെ ഓട്ടോയില്‍ കയറി. ഇയാള്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകാതെ വഴിതെറ്റിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെ ടോയ്‌ലറ്റിനടുത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു. പിന്നീടു സന്ധ്യയോടെ ഓര്‍ഫനേജില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി സ്ഥാപന അധികൃതരോട് വിവരം പറയുകയും ഇവര്‍ വനിതാ ഹെല്‍പ്പ് ലെനില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വനിതാ സെല്‍ എസ്‌ഐ സുശീല പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു.
തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാന്തിനെ പിടികൂടുന്നത്. സംഭവവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ ടൗണില്‍ നിന്നും പിടികൂടിയതെന്ന് സിഐ ശ്രീമോന്‍ പറഞ്ഞു. മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് പോയതോടെ അനാഥയായ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പാണ് പെരുമ്പാവൂര്‍ വനിതാ ഹെല്‍പ്പ് ലെനിന്റെ ഇടപെടലിനെ തുടര്‍ന്ന് തൊടുപുഴയിലെ ഓര്‍ഫനേജിലെത്തിക്കുന്നത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.