തൃശൂര്‍: നഗരത്തിലെ പ്രധാന പാര്‍പ്പിട സമുച്ചയത്തില്‍ യുവതിയെ ഒരു ദിവസവും രാത്രിയും മുറിയില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചതിനെതിരേയുള്ള പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നു പരാതി. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ നടന്ന പീഡനത്തിനെതിരേനല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതികളുടെ അറസ്റ്റ് അടക്കം തുടര്‍നടപടിയുണ്ടായില്ല.
പുഴയ്ക്കലിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരനും, കുരിയച്ചിറ ഗോസായിക്കുന്നില്‍ താമസിക്കുന്ന സുഹൃത്തിനും എതിരേയാണു കേസ്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ താമസിക്കാരന് ജോലിക്കു നിയമിച്ചിരുന്ന യുവതിയാണു പരാതിക്കാരി. ഹര്ത്താല്ദിനമായിരുന്ന സെപ്റ്റംബര്‍ രണ്ടിനു മറ്റാരും ഇല്ലാതിരുന്ന ഫഌറ്റിലേക്കു തന്നെ തെറ്റിദ്ധരിപ്പിച്ചു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു.
ഫഌറ്റില്‍ കട്ടിലിലേക്കു ബലമായി തള്ളിയിട്ടു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചെറുത്ത യുവതിയെ മുറിയില്‍ പൂട്ടിയിട്ടു. രാത്രിയില്‍ സുഹൃത്തിനേയും കൂട്ടിയാണു പീഡനത്തിനു ശ്രമിച്ചത്. പിറ്റേന്നു വീണ്ടും പീഡനത്തിനു ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പേരാമംഗലം സിഐ ഇപ്പോള്‍ വടക്കാഞ്ചേരി പീഡനക്കേസില്‍ സസ്പെന്‍ഷനിലാണ്. അപമാനിക്കുന്ന രീതിയിലാണു പോലീസ് പരാതിക്കാരിയുടെ വസതിയിലെത്തി മൊഴിയെടുത്തതത്രേ. പരാതി ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചത്.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നിര്‍ദേശനുസരണം കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒക്ടോബര്‍ 13 നു പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതാണ്. എന്നാല്‍ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കു മടിക്കുകയാണ്.