വെച്ചൂച്ചിറ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെയും ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയെയും പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തു.
മണ്ണടിശാല കുളമാം കുഴിയിൽ റോഷൻ തോമസ് (23) മണ്ണടി ശാല ചേന്നമ്പാറ ജോബിൻ തോമസ് (20), നാറാണംമൂഴി കക്കുടുമൺ കുളത്തിങ്കൽ രജീഷ് (27) എന്നിവരെയാണ് തിരുവല്ല ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദേശാനുസരണം വെച്ചൂച്ചിറ എസ്ഐ എച്ച്.അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന 12 വയസുകാരിയുമായി ഫോണിലൂടെയും അല്ലാതെയും അടുപ്പം സ്ഥാപിച്ച പ്രതികൾ കഴിഞ്ഞ ഡിസംബർ 26നും ജനുവരി 18 നും കഴിഞ്ഞ രണ്ടിനും രണ്ടാം പ്രതി ജോബിൻ തോമസിന്റെ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്.
ഇതിനിടയിൽ ക്രിസ്മസ് അവധിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി താമസിച്ചിരുന്ന ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയും പീഡനത്തിനിരയായി. എന്നാൽ 12 വയസുകാരിയെ പീഡിപ്പിച്ച യുവാക്കളല്ല മറ്റു രണ്ടു പേരാണ് ഈ സംഭവത്തിലെ പ്രതികളെന്നാണ് പോലീസ് പറയുന്നത്. 12 വയസുകാരി പീഡനത്തിനിരയായ സംഭവം പുറത്ത് അറിഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്ത കരും ഇതുസംബന്ധിച്ചു പരാതി നല്കിയിരുന്നു.കുട്ടിയിൽ നിന്നുള്ള മൊഴി പ്രകാരമാണ് ബന്ധുവായ പെൺകുട്ടിയും പീഡനത്തിനിരയായതായി പോലീസിനു വിവരം ലഭിച്ചത്.
പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മണ്ണടി ശാല സ്വദേശി ലാൽ രാജ്(27), എരുമേലി സ്വദേശി അമൽ (28) എന്നിവർക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
ഇരു സംഭവങ്ങളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരുന്നു.
പീഡന പരാതി ലഭിച്ചയുടൻ 12 വയസുകാരിയെ പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.