ശ്രീകണ്ഠപുരം: വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ. വയക്കാങ്കോട് പൈസായിയിലെ ടി.പി. ഉമ്മറി (36) നെയാണ് ഇരിക്കൂർ എസ്ഐ വി.വി. പ്രദീപനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടുകളിൽ നിന്ന് പഴയ സാധനങ്ങൾ ശേഖരിച്ച് പുതിയ വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന ജോലിയാണ് ഇയാൾ ചെയ്യുന്നത്. 42 കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. പീഡനത്തിനുശേഷം വിവരം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടിയതായും പറയുന്നു.
ഭീഷണി തുടർന്നതോടെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.പോലീസ് നിരവധിത്തവണ ഇയാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഇന്നലെ പുലർച്ചെ നാട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് രാവിലെ ഏഴോടെ ഇരിക്കൂർ ടൗണിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.