ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയെ പ്രത്യേക അനുമതി വാങ്ങി വീട്ടില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചെന്ന് വിവരം.മാതാവു പ്രതിയായ കേസില്‍ തലസ്ഥാനത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞു വരികയായിരുന്ന 16 കാരിയെയാണ് പ്രതികളില്‍ ഒരാള്‍ വീട്ടിലിട്ട് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം പകുതിക്ക് പെണ്‍കുട്ടിയുടെ വിസമ്മതം അവഗണിച്ച് മാതാപിതാക്കള്‍ വീട്ടിലേക്ക് അധികൃതരില്‍ നിന്നും അനുമതി വാങ്ങി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
വീട്ടില്‍വച്ച് കുട്ടിയ്ക്കെതിരേ വീണ്ടും പീഡനശ്രമമുണ്ടായതായാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടേതായി മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ ഒരാഴ്ചത്തേക്ക് അനുമതി വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ വെള്ളിയാഴ്ച വരെയാണ് പോകാന്‍ അനുമതി നല്‍കിയത്. കുട്ടിയെ ആക്രമിച്ചയാള്‍ നിരന്തരം ചൂഷണം ചെയ്തതിന്റെ പേരിലാണ് അറസ്റ്റിലായത്. മാതാവിന്റെ അറിവോടെയായിരുന്നു എല്ലാം എന്നതിനാല്‍ മാതാവിനെയും അന്ന് പ്രതി ചേര്‍ത്തു.
സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൊണ്ടു പോകാന്‍ വന്ന മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പോകാന്‍ മടിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച് ബാലാവകാശ കമ്മീഷന് അംഗമായ ഒരു സ്ത്രീയുടെ ഇടപെടലിലായിരുന്നു പെണ്‍കുട്ടി നാട്ടിലേക്ക് പോയത്. അതേസമയം പെണ്‍കുട്ടിയെ ഇവര്‍ക്കൊപ്പം വിടുമ്പോള്‍ കുട്ടി വീണ്ടും ആക്രമിക്കപ്പെടാനോ സ്വാധീനിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വിട്ടുകൊടുക്കരുതെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വാഭാവിക നീതി എന്ന ന്യായം പറഞ്ഞായിരുന്നു അന്ന് തിരുവനന്തപുരം സിഡബ്ല്യൂസി കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തത്.
2018 ജൂണ്‍ ആറിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലാവകാശ കമ്മിഷന് അംഗമായ സ്ത്രീക്കെതിരേ പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശം ഉണ്ടെന്നും അറിയുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു മാത്രമാണ് പോലീസ് പറയുന്നത്. മഹിള സമഖ്യയും ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കെതിരേ ഈ വിഷയത്തില്‍ തന്നെ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇടുക്കി ശിശുക്ഷേമ സമിതിയ്ക്കായിരുന്നു തുടക്കത്തില്‍ ഈ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം.അവരും കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നു.
എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യശ്രമം നടത്തി. മാത്രമല്ല, പ്രതിയുടെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് ഇടുക്കിയില്‍ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായി, കുട്ടിയുടെ പിതാവ്, അഭിഭാഷകന്, പ്രധാന പ്രതി എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കേസില്‍ മൊഴി മാറ്റിപ്പറയിപ്പിക്കാനായി സ്വാധീനിക്കുകയും ഏതൊക്കെയോ പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇടുക്കി ജില്ല കളക്ടര്‍ സിഡബ്ല്യുസി തീരുമാനം ചലഞ്ച് ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴില്‍ കൊണ്ടുവരുന്നത്.
അവര്‍ കുട്ടിയെ തിരുവനന്തപുരം നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചു വരികയായിരുന്നു. മാതാപിതാക്കളില്‍ മാതാവ് പ്രതിയായ കേസിലെ ഇരയും സാക്ഷിയുമാണ് കുട്ടി. മുന്‍പ് കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചപ്പോള്‍ ആത്മഹത്യ ശ്രമം കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതുമാണ്. അങ്ങനെയുള്ളപ്പോഴാണ് ഏഴു ദിവസത്തോളം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിടുന്നതില്‍ യാതൊരു അപകടവും ശിശുക്ഷേമ സമതിക്കാര്‍ക്ക് കാണാന്‍ കഴിയാതെ വന്നത്. കുട്ടിയുടെ അഭിപ്രായം പോലും ചോദിച്ചില്ലെന്നതാണ് വാസ്തവം.
ആദ്യം കുട്ടിയെ മേയ് പതിനേഴാം തീയതി മുതല്‍ വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ത്തവര്‍ ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും ചടങ്ങ് നടക്കുന്ന ദിവസം ഹോമിലെ ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിധ്യത്തോടെ വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞപ്പോള്‍ അതു മറികടക്കാന്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി മേയ് 16 ന് തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് സിഡബ്ല്യുസിയില്‍ നിന്നും ഉണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടി വീട്ടിലെത്തുന്നതും വീണ്ടും പീഡനത്തിനിരയാവുന്നതും.