ഒന്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ മുപ്പത്തിയാറുവയസുകാരിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് ആണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരെ ഡോക്ടർ വിവരമറിയിച്ചു. കുട്ടിയുടെ മൊഴി പ്രകാരം പരാതി തേഞ്ഞിപ്പലം പോലീസിനു കൈമാറുകയുമായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമ (പോക്സോ)ത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരേ പോലിസ് കേസെടുത്തത്.
ഒരു വർഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തൽ. സംഭവം വിശദമായി അന്വേഷിക്കുമെന്നു തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ വീടിനോട് ചേർന്നുള്ള തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു.