ഹൈദരാബാദ്: ഉഗാണ്ടൻ യുവതിയെ മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ സുഡാനീസ് വിദ്യാർഥികൾ അറസ്റ്റിൽ. ഹൈദരാബാദ് സിറ്റി കോളജ് വിദ്യാർഥികളായ അമെർ ഹസൻ (26), മുഹമ്മദ് ഫഗീർ (25) എന്നിവരാണ് അറസ്റ്റിലായത്. ഹോളി മേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കോളജിലെ ഫാർമസി വിദ്യാർഥിയാണ് ഹസൻ. സെൻറ് മേരീസ് കോളജിലെ ബിടെക് വിദ്യാർഥിയാണ് ഫഗീർ.
പൂനയിൽ താമസക്കാരിയായ ഇരുപത്തിയൊന്നുകാരി മൂന്നു ദിവസം മുന്‍പാണ് സുഹൃത്തുക്കളെ കാണാൻ ഇവിടെയെത്തിയത്. പ്രതികളിൽ ഒരാളുമായി പെണ്‍കുട്ടി കഴിഞ്ഞ അഞ്ചു മാസമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഹസൻ ഇയാളുടെ ഫ്ലാറ്റിൽ വിരുന്ന് സംഘടിപ്പിക്കുകയും പെണ്‍കുട്ടിയേയും സുഹൃത്തിനെയും ക്ഷണിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് മദ്യം നൽകിയ ശേഷം ഇരുവരും മാനഭംഗത്തിനിരയാക്കി. എന്നാൽ പെണ്‍കുട്ടി ഫ്ലാറ്റിൽനിന്നും രക്ഷപെട്ട് പുറത്തിറങ്ങി പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.