മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനാണ് അറസ്റ്റിലായത്.
സ്കൂള്‍ കൗണ്‍സിലിംഗിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു.
പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ ആലപ്പുഴയില്‍ പോക്സോ കേസിൽ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമളാണ് (72) അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയാണ്. ആൺകുട്ടികളെ ഇവിടെയെത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുന്നതായി നിരവധി പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കുളിമുറിയുടെ വാതിലിനോടു ചേർന്നുള്ള കോൺക്രീറ്റ് പാളി ഇളക്കിയെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാൻ മാസം തികയും മുമ്പേ പ്രസവിപ്പിച്ച് ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ് വന്നിരുന്നു.