ആർലിംഗ്ടൺ (ടെക്സസ്): യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ആർലിംഗ്ടൺ) വിദ്യാർഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി നിർബന്ധമായി പണം പിൻവലിപ്പിക്കുകയും തുടർന്നു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് കോടതി 60 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
തട്ടികൊണ്ടുപോകൽ, കവർച്ച, ലൈംഗീകപീഡനം എന്നീ മൂന്ന് കുറ്റങ്ങൾക്ക് 60 വർഷം വീതവും മയക്കുമരുന്ന് ഉപയോഗിച്ചതിന് 2 വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും.
2018 ജൂണിൽ യുടിഎ ബിലവഡിലുള്ള മിഡ്ടൗൺ അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ലോട്ടിൽ പുലർച്ച മൂന്നിനാണ് വിദ്യാർഥി കാറിൽ എത്തിയത്. കാറിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഇരുപതുകാരനായ പ്രതി ജോയൽ മാംബെ തോക്കുമായി ചാടിവീഴുകയും ബലമായി കാറിനു സമീപമുള്ള എടിഎം കൗണ്ടറിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
അവിടെ നിന്നും പണം പിൻവലിപ്പിച്ചതിനുശേഷം മറ്റൊരു പാർക്കിംഗ് ലോട്ടിലേക്ക് കാർ കൊണ്ടുപോയി അവിടെവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്നു വിദ്യാർഥിനിയെ വിട്ടയക്കുന്നതിനു മുമ്പ് ഡ്രൈവിംഗ് ലൈസെൻസിന്റെ ഫോട്ടോ എടുത്തു. സംഭവത്തെകുറിച്ച് പുറത്തുപറഞ്ഞാൽ വധിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു.
വിദ്യാർഥിനി വീട്ടിൽ എത്തി വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു.കോടതിയിൽ കുറ്റം സമ്മതിച്ച പ്രതി, മയക്കു മരുന്നിന്റെ സ്വാധീനത്തിലാണ് ഇതെല്ലാം ചെയ്തതെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും അഭ്യർഥിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.
പ്രതിക്ക് മുപ്പതു വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മാത്രമേ പരോളിന് അർഹത ലഭിക്കു.
റിപ്പോർട്ട്: പി.പി. ചെറിയാൻ