കാസര്‍ഗോഡ്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കരിവേടകം നെച്ചിപ്പടുപ്പിലെ വി.എസ്. രവീന്ദ്രനെ(46)യാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. ജയിൽ ശിക്ഷയ്ക്കു പുറമേ, 25,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്.
12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ കഠിനശിക്ഷ നൽകണമെന്ന് 2018-ൽ നിയമഭേദഗതി വന്നിരുന്നു. ഇതിനുശേഷം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ കേസാണിത്. 2018 സെപ്റ്റംബർ ഒൻപതിന് പ്രതിയുടെ വാടക ക്വാർട്ടേഴ്സിലായിരുന്നു സംഭവം.
ബിവറേജസ് കോർപറേഷൻ ഡിപ്പോ ജീവനക്കാരനാണ് രവീന്ദ്രൻ. കാസര്‍ഗോഡ് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായകാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.