കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ തന്നെ പീഡിപ്പിച്ചു എന്ന രോഗിയുടെ പരാതിക്ക് വെറും പത്തു മണിക്കൂർ ആയുസ്. രണ്ടുദിവസം മുന്പാണു സംഭവം. പീഡനപരാതിയുമായി രോഗി പോലീസ് സ്റ്റേഷൻവരെ എത്തിയതോടെ ഏകദേശം പത്തു മണിക്കൂറോളം ആശുപത്രിയും ഡോക്ടറും വലിയ അങ്കലാപ്പിൽ ആയിരുന്നു.
പത്തു മണിക്കൂറിന് ശേഷം രോഗി സ്റ്റേഷനിൽ എത്തി തനിക്കു പരാതി ഇല്ലെന്ന് പറയുന്നു. കാരണം ചോദിച്ചപ്പോൾ പരാതിക്കാരി പറഞ്ഞ മറുപടി രസകരമായിരുന്നു. പീഡിപ്പിച്ചു എന്നത് എനിക്കു തോന്നിയതാനെന്നും പീഡനത്തിന്റെ വക്കിൽനിന്നു താൻ ഓടിരക്ഷപ്പെട്ടെന്നും തനിക്കു പരാതി ഇല്ലെന്നുമായിരുന്നു പോലീസിനോട് പറഞ്ഞത്.
എന്നാൽ, പോലീസ് അപ്പോഴേക്കും മറ്റൊരു പുലിവാൽ പിടിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഏക പരിഹാരം പരാതി നൽകിയ വ്യക്തിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുക എന്നതായിരുന്നു. ആവശ്യമില്ലാതെ പുലിവാല് പിടിച്ച പാവം പോലീസിനു കിട്ടിയത് മജിസ്ട്രേട്ടിന്റെ കയ്യിൽ നിന്നു വയറുനിറച്ച് ശകാരവും.
ക്ലൈമാക്സ് ഇങ്ങനെയായിരുന്നു!
പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന ചൊല്ല് യാഥാർഥ്യമായപ്പോൾ ആശുപത്രിയും ഡോക്ടറും രക്ഷപ്പെട്ടു. പീഡിപ്പിച്ചവരും പീഡനത്തിന് ഇരയായവരും മണിക്കൂറുകളുടെ മാരത്തൺ ചർച്ചയിൽ പോയ മാനം പണം വന്നപ്പോൾ തിരിച്ചുവന്നതായാണ് അങ്ങാടിപ്പാട്ട്.
കലശലായ വയറുവേദനയുമായി വന്ന രോഗിയെ വിശദമായി പരിശോധിച്ച ഡോക്ടർ എങ്ങനെയൊക്കെയോ പീഡിപ്പിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, പണം കൊടുത്തപ്പോൾ രോഗി പരാതി പിൻവലിക്കുകയും ചെയ്തു. ഇതോടെ, ഡോക്ടർക്കും ആശുപത്രിക്കും പോകുമായിരുന്ന മാനം തിരിച്ചുകിട്ടി.