മുക്കം: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്ധരാത്രിയാണ് സംഭവം.
ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം.
വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി. ലോഡ്ജ് ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.