കൊച്ചി: പരാതിക്കാരിയെ ബലാത്സംഗം ചെയ്തതിനും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനും കൊച്ചി സിറ്റി പോലീസില് അടുത്തടുത്ത ദിവസങ്ങളില് കുടുങ്ങിയത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്. ബലാത്സംഗക്കേസില് കൊച്ചി ഇന്ഫോപാര്ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസര് സനീഷ്(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര് എം. മനോജിനെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് സര്വീസില് നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതി സനീഷ് കളമശേരി പോലീസ് സ്റ്റേഷനില് ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പരാതിക്കാരിയെ ബലാത്സംഗം ചെയ്തത്. 2021 ഡിസംബര് 31ന് സ്റ്റേഷനില് പരാതി നല്കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ജൂലൈയില് ഇവര് താമസിക്കുന്ന ഫ്ളാറ്റിലെത്തിയ പ്രതി ലൈംഗിക താല്പ്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്ത്തു. തുടര്ന്ന് കഴിഞ്ഞ 25ന് രാവിലെ പത്തോടെ വീണ്ടും ഇവരുടെ താമസസ്ഥലത്തെത്തിയ പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് ഫ്ളാറ്റിനുള്ളിലേക്ക് കടക്കുകയും പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ രഹസ്യ വീഡിയോയും ഇയാള് പകര്ത്തിയതായി പരാതിക്കാരി പറഞ്ഞു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
കഴിഞ്ഞ 26ന് പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘം ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില് എസ്ഐ മനോജ് കൃത്യ നിര്വഹണം നടത്തുന്നതില് ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്. ജാമ്യം ലഭിക്കാത്ത അളവില് എംഡിഎംഎയുമായി പിടികൂടിയ പള്ളുരുത്തി സ്വദേശിയായ യുവാവിന് ജാമ്യം ലഭിക്കത്തക്ക വിധത്തില് ലഹരി മരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തിയെന്ന് അന്വേഷണത്തില് തെളിഞ്ഞിരുന്നു.
ഗസറ്റഡ് റാങ്കിലുള്ള മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില് വേണം മയക്കുമരുന്ന് പിടികൂടിയാല് തുടര് നടപടികള് സ്വീകരിക്കേണ്ടത്. ഇതിലും വീഴ്ച വരുത്തിയതായാണ് അന്വേഷണത്തില് തെളിഞ്ഞത്. കമ്മീഷണറുടെ പ്രത്യേകസംഘം പിടികൂടി പള്ളുരുത്തി പോലീസിന് കൈമാറിയ യുവാവിന് അളവില് കൂടുതല് മയക്കുമരുന്ന് കൈവശം വെച്ചിരുന്നതിനാല് കോടതിയില് നിന്ന് ജാമ്യം ലഭിക്കുവാന് സാധ്യത ഇല്ലായിരുന്നു.
യുവാവിന് കോടതി ജാമ്യം അനുവദിച്ചതോടെയാണ് സംഭവത്തെ കുറിച്ച് കമ്മീഷണര് അന്വേഷണം ആരംഭിച്ചത്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ സര്വീസില് നിന്ന് സസ്പെൻഡ് ചെയ്തത്.