ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ ഭർത്താവടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ തല്ലിത്തകർത്തു. തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.
ഉച്ചഭക്ഷണ സമയത്ത് നാലം ക്ലാസിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രധാനധ്യാപികയുടെ ഭർത്താവായ വസന്ത് കുമാർ അപമാര്യാദയായി പെരുമാറുക ആയിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തന്നെയാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അച്ഛനമ്മമാരോടു പറഞ്ഞത്.
ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ അയൽക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിക്കുകയും സ്കൂളിനുനേരേ കല്ലേറ് നടത്തുകയുമായിരുന്നു. വസന്ത് കുമാറിന്റെ കാറും ജനക്കൂട്ടം മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം വസന്ത്കുമാറിനെയും പ്രധാനാധ്യപികയായ ഭാര്യയെയും സ്കൂൾ ജീവനക്കാരായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. സ്കൂൾ ഇനി തുറക്കാൻ അനുവദിക്കില്ലന്നാണ് ഒരുവിഭാഗം രക്ഷിതാക്കളുടെ നിലപാട്.