ചെന്നൈ: തിരുപ്പത്തൂരിലെ സര്ക്കാര് സ്കൂളില് കമ്പ്യൂട്ടര് പരീക്ഷയ്ക്കിടെ ലാബില് വച്ച് വിദ്യാര്ഥിനികള്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറു വിദ്യാര്ഥിനികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
സംഭവത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപകൻ പ്രഭുവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂരിലെ വാണിയമ്പാടിക്കു സമീപമുള്ള ഹയര്സെക്കന്ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില് പഠിക്കുന്ന ആറു വിദ്യാര്ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്കിയത്.
പരീക്ഷയ്ക്കിടെ ലാബില് വച്ച് അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്ശിക്കുകയും ചെയ്തത് തടയാന് ശ്രമിച്ചപ്പോള് പരീക്ഷയ്ക്കു തോല്പ്പിക്കുമെന്നും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി.
കുട്ടികള് ചൈള്ഡ് ലൈന് നമ്പറില് വിളിച്ചാണ് വിവരമറിയിച്ചത്. ചൈല്ഡ് ലൈന് അധികൃതര് പോലീസുമായി സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴിയെടുത്തു.