മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഞ്ചേരി പോക്സോ അതിവേഗ കോടതിയിൽ ട്രയൽ പൂർത്തിയാക്കിയത് റിക്കാർഡ് വേഗതയിൽ.
2021 ജൂണ്‍ 11നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
പ്രതി ഇരയെയും പരാതിക്കാരെയും സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ചു പോലീസ് നൽകിയ ഹരജിയെ തുടർന്ന് നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇൻസ്പെക്ടർ കെ.പി അഭിലാഷിന്റെ അന്വേഷണ മികവും പിന്നീട് സിഐ സി. അലവി സമർപ്പിച്ച പഴുതടച്ച കുറ്റപത്രവും കേസിന്റെ വേഗതക്ക് ആക്കം കൂട്ടി.
പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് കേസന്വേഷണവും ട്രയൽ അടക്കമുള്ള കോടതി നടപടികളും കോടതി വിധിയും പൂർത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ കേസാണിത്.
ജഡ്ജി പി.ടി പ്രകാശൻ സ്ഥലം മാറി പോയ ഒഴിവിലേക്കെത്തിയ ജഡ്ജി കെ. രാജേഷ് വിധി പറയുന്ന സുപ്രധാന കേസാണിതെന്ന പ്രത്യേകതയുമുണ്ട്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരനും പ്രോസിക്യൂഷൻ അസിസ്റ്റ് ലെയ്സണ്‍ ഓഫീസർമാരായ ഡിസിആർബിയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ. സൽമ,
വനിതാ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. ഷാജിമോൾ എന്നിവരും കേസിൽ പെട്ടെന്നു തീർപ്പുണ്ടാക്കുന്നതിൽ ഏറെ നിർണായകമായ പങ്കുവഹിച്ചു.
18 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ച പ്രോസിക്യൂഷൻ 35 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.