പത്തനംതിട്ട: അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ സൈബർ പോലീസ് പിടികൂടി. പത്തനംതിട്ട സൈബർ പോലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്.
തമിഴ്നാട് കാവേരി പട്ടണത്തിൽ വച്ച് പോലീസ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശത്തെത്തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്.
ഒളിവിൽ കഴിയുന്നതറിഞ്ഞു ബംഗളൂരുവിലെത്തിയ സൈബർ പോലീസ് സംഘം അവിടത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ ഇന്നലെ എത്തിക്കുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കുകയും ചെയ്തു.
2023 ഏപ്രിലിൽ പ്രതി കുവൈറ്റിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കുവൈറ്റിൽ ജോലി ചെയ്ത കമ്പനിയിൽ ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്ന് തിരിച്ചയയ്ക്കപ്പെട്ട പ്രതിയെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുന്നതായി വിവരം ലഭിച്ചു.
സൈബർ പോലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജും സംഘവും അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നവഴി തമിഴ്നാട് കാവേരിപട്ടണത്തുവച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.