തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്.
കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം ഇതിനോടകം 29 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവർ എല്ലാവരും റിമാൻഡിലാണ്.
ഇനി കേസിൽ ഒരു പ്രതിയെയാണ് പിടി കൂടാനുള്ളത്. ഇയാളെ കുറിച്ചുള്ള സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇടുക്കിയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇത്രയും പ്രതികൾ പിടിയിലാവുന്ന അപൂർവതയും കേസിനുണ്ട്.
പ്രതികളിൽ റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും ലോട്ടറി വ്യാപാരിയും ഉൾപ്പെടെ ഉന്നത സാന്പത്തിക നിലയുള്ളവരും സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ കഴിയുന്നവരും ഉൾപ്പെടുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗർഭിണിയാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെ
ഇടുക്കി എസ്പിയുടെ നിർദേശാനുസരണം തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിഐ വി.സി.വിഷ്ണുകുമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
പ്രതികളിൽ പലരുടെയും പേരു വിവരങ്ങൾ പെണ്‍കുട്ടിക്കറിയില്ലായിരുന്നു. പല പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് കൂടുതൽ പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ ഗർഭത്തിനുത്തരവാദിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയും നടത്തും. അറുപത് ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
പീഡനം പുറത്തുവന്നത്
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനായ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51) കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്.
പിന്നീട് പെണ്‍കുട്ടിയെ ഇയാൾ വൻ തുക വാങ്ങി പലർക്കും കൈമാറുകയായിരുന്നു. പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഇവിടെയെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
തുടർച്ചയായ പീഡനത്തെ തുടർന്ന് പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതതളുണ്ടായി. അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായതും പീഡന വിവരങ്ങളും പുറത്തു വന്നത്.
പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് അമ്മയും മുത്തശിയും ഡോക്ടറോട് പറഞ്ഞെങ്കിലും ഇതു കളവാണെന്ന് വ്യക്തമായിരുന്നു.
പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
ജോലി വാങ്ങിത്തരാമെന്ന്…
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2020-ൽ അമ്മയുടെ നേതൃത്വത്തിൽ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നൽകിയിരുന്നു.
അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഇവർക്കെതിരെ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് കുട്ടിയുടെ സംരക്ഷണം മുത്തശിയെ ഏൽപ്പിച്ചിരുന്നു. അച്ഛനില്ലാത്ത പെണ്‍കുട്ടി ഒന്‍പതാം ക്ലാസിൽ പഠനം നിർത്തിയതു മുതൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരുന്നു.
പിന്നീടാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്.