പത്തനംതിട്ട : ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക്, സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ വീണ്ടും മര്‍ദ്ദനം.
പരാതിയെ തുടര്‍ന്ന്, മര്‍ദ്ദനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
ഭാര്യയുടെ മൊഴി
തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടില്‍ സലീമിന്റെ മകന് നൗഷാദാണ് (39) തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പോലീസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ്, ഇന്നലെ വൈകുന്നേരം കോന്നിയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
മൂര്‍ത്തിമണ്‍ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കുന്ന ഷെറീന, 17 ഉം ഏഴും വയസുമുള്ള മക്കളുമൊത്ത് താമസിക്കുകയാണ്.
ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ മാസങ്ങളായി ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഇതിന്മേല് കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു.
ശാരീകമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും എന്നാല്‍ അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏല്പിച്ചുവെന്ന് കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്.
കതക് ചവിട്ടിത്തുറന്ന്…
നാലുദിവസം മുമ്പ് ഡ്രൈവിംഗ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തി, കതക് ചവിട്ടിത്തുറന്ന് അകത്തുകയറി മര്‍ദിച്ചതായാണ് പരാതി. വീട്ടുപകരണങ്ങളും നശിപ്പിച്ചു. അറസ്റ്റിലായ നൗഷാദിനെ കോടതി റിമാന്‍ഡ് ചെയ്തു.