നെടുങ്കണ്ടം: പോക്സോ കേസിലെ പ്രതിയായ അധ്യാപകനെ സ്കൂളിൽ കയറ്റാതെ രക്ഷാകർത്താക്കൾ ആട്ടിയോടിച്ചു. ജയിൽവാസത്തിനും സസ്പെൻഷനും ശേഷം പുതിയ സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ച് എത്തിയതായിരുന്നു അധ്യാപകൻ.
പാന്പാടുംപാറ പഞ്ചായത്ത് തമിഴ് – മലയാളം മീഡിയം സ്കൂളിലാണു സംഭവം. വട്ടവട സ്വദേശി മുരുകനെയാണ് നാട്ടുകാർ സ്കൂളിൽ ജോയിൻ ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചത്. എട്ടുമാസംമുന്പ് ഇയാൾ ജോലിചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും റിമാൻഡു ചെയ്യപ്പെടുകയും ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധിക്കുശേഷം ഇയാളെ പല സ്കൂളുകളിലേക്കും അയച്ചിരുന്നു.
ഒരിടത്തും ജോലിയിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ഒടുവിലാണ് പാന്പാടുംപാറ സ്കൂളിലേക്ക് നിയമിച്ചത്. തിങ്കളാഴ്ച ഇയാൾ ജോലിക്കെത്തുമെന്ന് അറിഞ്ഞതിനെത്തുടർന്ന് പിടിഎ ഭാരവാഹികൾ സ്കൂളിൽ കാവലേർപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ 9.30-ഓടെ സ്കൂളിലെത്തിയ മുരുകൻ പ്രധാനാധ്യാപകനോട് ഹാജർ ബുക്ക് ആവശ്യപ്പെടുന്നതിനിടെ സ്ഥലത്തെത്തിയ പ്രദേശവാസികൾ ഇയാളെ തടയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ അയൂബ്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ജി. മുരളീധരൻ, പിടിഎ പ്രസിഡന്റ് ബിജു വടക്കേടം, ചന്ദ്രൻ പനയ്ക്കൽ, ഗ്രാമപഞ്ചായത്ത് മെന്പർമാർ, പിടിഎ ഭാരവാഹികൾ എന്നിവർചേർന്ന് മുരുകനെ തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്ന് സ്കൂളിന്റെ ഗെയ്റ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
മുരുകനെ വീണ്ടും ഇവിടേക്ക് നിയമിച്ചാൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളേയും ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറ്റുമെന്ന് അറിയിച്ച് ഡിഇഒ അടക്കമുള്ളവർക്ക് പിടിഎ ഭാരവാഹികൾ കത്തുനൽകി.