ദർഭംഗ: ലൈംഗിക ചൂഷണം സംബന്ധിച്ച അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചെന്ന വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലും അധ്യാപികയും അറസ്റ്റിൽ. ബിഹാറിലെ ദർഭംഗയിലെ ലാൽ ബാഗിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപികയുമാണ് അറസ്റ്റിലായതെന്ന് ദർഭംഗ സബ് ഡിവിഷണൽ ഓഫീസർ രാകേഷ് കുമാർ പറഞ്ഞു.
മൂന്നു വിദ്യാർഥിനികളുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ലൈംഗിക ചൂഷണത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണാൻ അധ്യാപിക നിർബന്ധിച്ചെന്നും ഇതു സംബന്ധിച്ച തങ്ങളുടെ പരാതി പ്രിൻസിപ്പൽ ഗൗരവമായെടുത്തില്ലെന്നും വിദ്യാർഥിനികൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അടച്ചുപൂട്ടിയതായും സബ് ഡിവിഷണൽ ഓഫീസർ അറിയിച്ചു.