മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം സ്വർണമാലയുമായി കടന്നുകളഞ്ഞ യുവാവും മോഷണത്തിനു കൂട്ടുനിന്ന സുഹൃത്തും അറസ്റ്റിൽ.
സംഭവത്തിൽ ഇടുക്കി ഉപ്പുതറ സ്വദേശി ചെന്പേരിൽ പ്രശാന്ത് (20), മുണ്ടക്കയം കുഴിമാവ് സ്വദേശി ഐനിപ്പള്ളി സതീഷ് (20) എന്നിവരെയാണ് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറച്ച് പോലീസ് പറയുന്നതിങ്ങനെ. മൂന്നു മാസമായി 504ലെ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്ന യുവാവ് കഴിഞ്ഞദിവസം രാത്രിയിൽ പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയുടെ കഴുത്തിൽ കിടന്ന മാലയും അപഹരിച്ച് ഇയാൾ കടന്നുകളഞ്ഞു.
സംഭവത്തിനുശേഷം ഇയാൾ കുഴിമാവിലെ സുഹൃത്തിന്റെ വീട്ടിലെത്തി മാല ഇയാളുടെ കൈവശം ഏൽപ്പിക്കുകയും ചെയ്തു. സുഹൃത്ത് കുഴിമാവിലെ സ്വർണപ്പണയമിടപാട് സ്ഥാപനത്തിൽ മാല പണയംവച്ചതിനുശേഷം രണ്ടാളും പണം വീതിച്ചെടുത്തതായും പോലീസ് പറയുന്നു. സംഭവത്തിനുശേഷം പുഞ്ചവയലിലെ സ്വകാര്യപണമിടപാട് സ്ഥാപനം കുത്തിത്തുറന്നു പണം മോഷ്ടിക്കാനും പ്രശാന്ത് ശ്രമിച്ചിരുന്നു.
ഇത് സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണശ്രമത്തിനു കടയുടമ പോലീസിൽ പരാതി നൽകിയിരുന്നു. പീഡനക്കേസിൽ പിടിയിലായ പ്രശാന്തിനെ ചോദ്യചെയ്തപ്പോളാണ് സുഹൃത്തിന്റെ പങ്കിനെപ്പറ്റിയും കട കുത്തിത്തുറക്കാൻ ശ്രമിച്ചതിനെപ്പറ്റിയും പോലീസിനു വിവരം ലഭിച്ചത്.
തുടർന്ന് സതീഷിനെ കുഴിമാവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.