ഹൈദരാബാദ്: സഹപാഠിയായ എൻജിനീയറിംഗ് വിദ്യാർഥിനിയെ മുതിർന്ന വിദ്യാർഥികൾ ചേർന്നു ബലാത്സംഗം ചെയ്തു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇവർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ആന്ധ്രപ്രദേശിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഒരു ജൻമദിനാഘോഷത്തിനു പോയ പെണ്‍കുട്ടിയെ ലഹരികലർന്ന പാനീയം നൽകി മയക്കിയശേഷം മുതിർന്ന വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചു.
ഇതിനുശേഷം പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. ആരോപണവിധേയരായ വിദ്യാർഥികൾ പഠനം പൂർത്തിയാക്കി കഴിഞ്ഞ വർഷം കോളജിൽനിന്നു പോയി.
വിഷയത്തിൽ താൻ കൃഷ്ണ ജില്ലയിലെ അഗിരിപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന കോളജിന്റെ മാനേജ്മെന്റിനോടു പരാതിപ്പെട്ടിരുന്നെങ്കിലും അവർ പരാതി പോലീസിനു കൈമാറിയില്ലെന്നും വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് മാപ്പുപറയാൻ ആരോപിതരോടു നിർദേശിക്കുക മാത്രമാണു ചെയ്തതെന്നും പെണ്‍കുട്ടി പരാതിയിൽ ആരോപിച്ചു. എന്നാൽ വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് തങ്ങൾ ഈ നടപടി സ്വീകരിച്ചതെന്നാണ് മാനേജ്മെന്റിന്റെ വാദം.
കോളജ് മാനേജ്മെന്റ് ആരോപിതരായ രണ്ടു കുട്ടികളെ താക്കീത് ചെയ്തെങ്കിലും ഇവർ തങ്ങളുടെ കൈവശമുള്ള പീഡനദൃശ്യങ്ങൾ സഹപാഠികൾക്കും പരിചയക്കാർക്കും കൈമാറിയിരുന്നു. രണ്ടു മാസത്തിനുമുന്പ് വീഡിയോയുടെ പകർപ്പ് കൈവശമുണ്ടായിരുന്ന മൂന്നാമതൊരു സഹപാഠി, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തനിക്ക് വഴങ്ങണമെന്നും വീഡിയോ പുറത്തുവിടാതിരിക്കാൻ 10 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതേതുടർന്ന് പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോപിതര്‍ക്കെതിരേ കൂട്ടമാനഭംഗം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. ഇവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.