കോർബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ കോർബയിലെ ഗദ്ദുപ്രോദ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ നാല് വയസ് പ്രായമുള്ള പേരക്കുട്ടിയെയും അക്രമികള്‍ കൊലപ്പെടുത്തി.
ജനുവരി 29-നാണ് സംഭവം. അച്ഛനെ കാണുന്നില്ലെന്ന് കാട്ടി ഇയാളുടെ മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ശാന്ത്റാം എന്നയാളുടെ വീട്ടില്‍ പശുവിനെ സംരക്ഷിക്കുന്ന ജോലിയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്. ശാന്ത് റാമും സുഹൃത്തുക്കളുമാണ് കൃത്യം ചെയ്തത്.
ജോലിക്കു ശേഷം പെൺകുട്ടിയുടെ പിതാവിനെ വീട്ടില്‍ കൊണ്ടുവിടാനായി വാഹനത്തില്‍ പോയ ശാന്ത്റാം വഴിയില്‍ വച്ച് പെൺകുട്ടിയെയും പിതാവിന്റെ പേരക്കുട്ടിയെയും കൂടെക്കൂട്ടി.
തുടർന്ന് ഇയാൾ സുഹൃത്തുക്കളെയും ഒപ്പംകൂട്ടിയതിന് ശേഷം മൂന്നു പേരെയും വനപ്രദേശത്ത് എത്തിച്ചു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.
പീഡനശ്രമം തടയാൻ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെയും കൂടെയുണ്ടായിരുന്ന പേരക്കുട്ടിയെയും അക്രമികള്‍ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹങ്ങൾ വനത്തില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ശാന്ത്റാം ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.