കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കിയ കോളജ് അധ്യാപികയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ അന്വേഷിക്കാതെ പോലീസ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരാതി ലഭിച്ച ആദ്യദിവസം അന്വേഷിച്ച പോലീസ് പിന്നീടു പരാതിക്കാരി കോഴിക്കോടാണെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാണ് അന്വേഷിക്കേണ്ടതുമെന്ന നിലപാടു സ്വീകരിച്ചു. കേസ് കോഴിക്കോട്ടേക്കു കൈമാറുകയും ചെയ്തു. എന്നാല്‍, സംഭവവും പരാതിയില്‍ പറയുന്ന യുവാവും മലപ്പുറത്തായതിനാൽ അവിടെ കേസ് അന്വേഷിക്കണമെന്നാണ് കമ്മീഷണർ പറയുന്നത്.
പരാതിക്കാരി നിർധന ഹിന്ദുകുടുംബത്തിലെ അംഗമാണ്. നിലവില്‍ കേസിന്റെ അന്വേഷണം നിലച്ചിരിക്കുകയാണ്. അതേസമയം, കേസന്വേഷണം പോലീസ് വഴിതിരിച്ചുവിടുകയാണെന്നും പരാതിക്കാരിയായ തനിക്കു നീതി നല്കാന് പോലീസുകാര്‍ തയാറാവുന്നില്ലെന്നും അധ്യാപികയായ യുവതി പറയുന്നു. പരാതിയിൽ പറയുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശിയും പൊന്നാനിയില്‍ കോളജ് അധ്യാപകനുമായിരുന്ന മുഹമ്മദ് ഹാഫിസ് വിദേശത്താണെന്നും തിരിച്ചു വന്നാല്‍ മാത്രമേ പിടികൂടാനാവൂമെന്നുമാണ് മലപ്പുറം പോലീസ് പറയുന്നത്.
യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: നാലു വര്‍ഷം മുമ്പാണ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഹാഫിസിനെ യുവതി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും മലപ്പുറം ജില്ലയിലെ കോളജ് അധ്യാപകരായതോടെ അടുപ്പമായി. വിവാഹത്തിനു മുമ്പു മതം മാറണമെന്നും ആചാരരീതികള്‍ പഠിക്കണമെന്നും ഹാഫിസ് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. വീട്ടില്‍ കയറണമെങ്കിലും മതം മാറണമെന്നു മാതാപിതാക്കൾക്കു നിര്‍ബന്ധമുണ്ടെന്നും ഹാഫിസ് പറഞ്ഞിരുന്നു. നിര്‍ബന്ധപൂര്‍വം മതം മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീടുണ്ടായതെന്നും യുവതി ആരോപിക്കുന്നു.
തുടര്‍ന്ന് ഇസ്ലാം മതാചാരപ്രകാരമായിരുന്നു ജീവിച്ചുവന്നത്. അതിനിടെ, ആരുമറിയാതെ ഫെബ്രുവരി 13ന് ഹാഫിസ് വിദേശത്തേക്കു പോയി. ഒരു മാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുകയും രജിസ്റ്റര്‍ വിവാഹത്തിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. മാര്‍ച്ച് 25 നായിരുന്നു വിവാഹം രജിസ്റ്റര്‍ചെയ്യാനുള്ള തീയതി. എന്നാല്‍, ഹാഫിസ് 19ന് തന്നെ വിദേശത്തേക്കു തിരിച്ചുപോയി. ഇതറിഞ്ഞ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനു ശേഷമാണ് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. യുവതി ഉപയോഗിക്കുന്ന ഫോണ്‍നമ്പറും ഒപ്പം നല്കി. ഈ നമ്പറിലേക്കു നിരവധി പേർ വിളിച്ചതോടെ യുവതി വീണ്ടും പോലീസില്‍ പരാതി നല്കി.
ലൗ ജിഹാദിന്റെ ഇരയാണ് താനെന്നും ഇനി ഒരിക്കലും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നുമാണു യുവതി പറയുന്നത്. അജ്മാനിലെ വസ്ത്രനിര്‍മാണ ശാലയില്‍ അഡ്മിനിസ്ട്രേഷന് മാനേജരാണ് പ്രതിയായ യുവാവ്. ഇയാളുടെ വീസ കാലാവധി 2021 ലാണ് അവസാനിക്കുക. പരാതി നല്‍കിയിട്ടും ഇരയായ തനിക്കു പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.