ന്യൂഡൽഹി: സുഹൃത്തുക്കൾ ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് ഗുരുതരപരിക്കേറ്റ 10 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.
ഒരു ബന്ധു ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്.
കുട്ടി ഡൽഹി ലോക്നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെ (എൽഎൻജെപി) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഡൽഹിയിലെ ന്യൂ സീലംപൂർ സ്വദേശികളായ 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പ്രതികൾ. കുട്ടിയുടെ മുറിവുകൾ ഭയാനകമായിരുന്നെന്ന് എൽഎൻജെപിയിലെ ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ മാസം 19 ന് ആയിരുന്നു സംഭവം. പീഡനം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.
ഇതോടെ മുറിവുകൾ വഷളായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയാറായില്ല.
പിന്നീട് കൗൺസിലിംഗിനു ശേഷമാണ് കുട്ടിയുടെ മാതാവ് മൊഴിനൽകിയത്. കടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നതോടെ തന്റെ മകനെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് കുട്ടികളെ പോലീസ് പിടികൂടിയിരുന്നു. മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.