കോട്ടയം: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെയും ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയെയും പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. മണ്ണടിശാല സ്വദേശി ലാൽരാജാണ് വെച്ചൂച്ചിറ പോലീസ് മുന്‍പാകെ കീഴടങ്ങിയത്. എരുമേലി സ്വദേശി അമലാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.
സംഭവത്തിൽ മൂന്നു യുവാക്കളെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. മണ്ണടിശാല സ്വദേശികളായ റോഷൻ തോമസ്, ജോബിൻ തോമസ്, നാറാണംമൂഴി സ്വദേശി രജീഷ് എന്നിവരാണ് പിടിയിലായത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസുകാരിയുമായി ഫോണിലൂടെയും അല്ലാതെയും അടുപ്പം സ്ഥാപിച്ച പ്രതികൾ കഴിഞ്ഞ ഡിസംബർ ഇരുപത്താറിനും ജനുവരി പതിനെട്ടിനും കഴിഞ്ഞ രണ്ടിനും ജോബിൻ തോമസിന്റെ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. ഇതിനിടയിൽ ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി താമസിച്ചിരുന്ന ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയും പീഡനത്തിനിരയായി.
എന്നാൽ 12 വയസുകാരിയെ പീഡിപ്പിച്ച യുവാക്കളല്ല മറ്റു രണ്ടു പേരാണ് ഈ സംഭവത്തിലെ പ്രതികളെന്നാണ് പോലീസ് പറയുന്നത്. ആദ്യം പീഡനത്തിനിരയായ കുട്ടിയിൽനിന്നുള്ള മൊഴി പ്രകാരമാണ് ബന്ധുവായ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി പോലീസിനു വിവരം ലഭിച്ചത്.