പയ്യോളി: കര്‍ണ്ണാടകയിലെ ചിക്മംഗ്ലുരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് വന്ന് ടുറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന മുഖ്യപ്രതി സെക്സ് റാക്കറ്റില്‍പ്പെട്ട കര്‍ണ്ണാടക സ്വദേശിനിയായ ഫര്‍സാനയെ (35) കോഴിക്കോട് സെഷൻസ് കോടതി റിമാൻഡ് ചെയ്തു. 2019 ല്‍ തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജില്‍ കക്കാടംപൊയില്‍ കരിമ്പ് എന്ന സ്ഥലത്തുള്ള ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12 ന് എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയെ നാല് പ്രതികള്‍ ബാലത്സംഗം ചെയ്ത സംഭവത്തിലാണ് പോലീസ് കേസെടുത്തത്.
ഈ കേസില്‍ റിസോര്‍ട്ട് ഉടമയടക്കം മൂന്നു പേര് നേരത്തെ അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ അംശം വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൌസില്‍ നിസാര്‍ ബാബു (37), മലപ്പുറം ചീക്കോട് അംശം വാവൂര് തെക്കും കോളില്‍ വീട് മുഹമ്മദ് ബഷീര്‍ (49) എന്നിവരാണ് നേരത്തെ പിടിയിലായത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ടുറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച് പലര്‍ക്കും കാഴ്ചവെച്ചു എന്നാണ് കേസ്. ഇതിനിടയില്‍ മാതാപിതാക്കള്‍ എത്തി കുട്ടിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു. പിന്നീട് ഫര്‍സാന കുട്ടിയെ വീണ്ടും കൊണ്ടു വന്ന് വയനാട്ടില്‍ താമസിപ്പിച്ചു.തുടര്ന്ന്കക്കാടംപൊയില് റിസോര്‍ട്ടിലെ മൂന്നു നില കെട്ടിടത്തില്‍ താമസിപ്പിച്ച ശേഷം പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. തദ്ദേശവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്മെന്റിനു കൈമാറുകയായിരുന്നു.
പിന്നീട് ബലാല്‍സംഗത്തിന്റെ ഇര എന്ന നിലയില്‍ നടപടിക്രമങ്ങള്‍ പാലിച്ച് പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഭ്രൂണം കോഴിക്കോട്ടെ റീജിനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ അയച്ച് നടത്തിയ പരിശോധനയില്‍ പിടിയിലായ പ്രതികളില്‍ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് കക്കാടം പൊയിലിലെ റിസോര്‍ട്ട് വളഞ്ഞപ്പോള്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ അള്ളിപ്പിടിച്ച് ഊര്‍ന്നിറങ്ങി രക്ഷപ്പെട്ടയാളാണ് രണ്ടാം പ്രതി നിസാര്‍ ബാബു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കല്ല് വെട്ട് കുഴിയില്‍ വീണതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.