കണ്ണൂർ: കണ്ണൂർ സ്വദേശിയായ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മാവോയിസ്റ്റ് നേതാവിന്റെ മകൾ. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളാണ് താൻ പീഡനത്തിനിരയായതായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കണ്ണൂർ പിലാത്തറയിലുള്ള ഇയാളുടെ വീട്ടിൽവച്ചാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. പീഡനത്തിനുശേഷം തന്റെ ചിത്രങ്ങൾ അയാളുടെ കൈയിലുണ്ടെന്നും ഇത് ഫേസ്ബുക്കിലിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പോസ്റ്റിൽ പറയുന്നു. ആദ്യം സുഹൃത്തായി കൂടെകൂടിയയാൾ പിന്നീട് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നവെന്നാണ് മാവോയിസ്റ്റ് നേതാവിന്റെ മകൾ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…
ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രാജേഷിനെ (യഥാർഥ പേരല്ല) കാണുന്നത്. വീട്ടിൽ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പോലീസ് റെയ്ഡുകളിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു.
അക്കൂട്ടത്തിലാണു രാജേഷിനെ ഞാൻ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്.
അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രാജേഷ് മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രാജു (യഥാർഥ പേരല്ല) എന്ന് ആക്കി.
അക്കാലത്ത് എല്ലാ സ്കൂൾ അവധിക്കും ഞാൻ രാജേഷിന്റെയും രാധികയുടെയും (യഥാർഥ പേരല്ല) ഒപ്പം അവരുടെ കണ്ണൂർ പിലാത്തറയിലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രാജേഷ്് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കിടത്തിയിരുന്നത്.
സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാൻ ഭയപ്പെടുന്നത്. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റെയും പെണ്ണിന്റെയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണ് ഒരാണിന്റെ അടുത്ത് കിടക്കാൻ ഭയപ്പെടുന്നതെന്നും.
ഒരു ദിവസം രാധികയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക് വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട് എന്നെ അവർക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളർത്തി. അന്നൊക്കെ രാധികയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്.
പിന്നീട് ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രാജു എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറൊരാൾ ഉണ്ടായിരുന്നില്ല.
അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കൈയിലുണ്ടെന്നും അത് ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്.
അന്ന് രാജേഷിന്റെ സുഹൃത്തുക്കളായ പല പെണ്കുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. രാധികയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രാജേഷ് എന്നെക്കുറിച്ച് രാധികയോട് പറഞ്ഞിരുന്നത് ഞാൻ അയാളോട് പ്രണയാഭ്യർത്ഥന നടത്തിയെന്നും രാധിക എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും.
അന്ന് രാധിക എന്നോട് പറഞ്ഞത് അയാൾക്ക് ഒരു പെണ്കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രാജേഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം.
ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു… ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത് പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.