കൊച്ചി: കൊച്ചിയിൽ കാറിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സുഹൃത്തായ ഡോളിയാണ് തന്നെ ബാറിൽ കൂട്ടിക്കൊണ്ടുപോയതെന്നും തനിക്ക് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡോളിയാണ്.
വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കെ മൂന്നുപേരും ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നീട് ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട്ട് ഉപേക്ഷിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാസർഗോഡുകാരിയായ മോഡലായ പെൺകുട്ടിയെയാണ് കാറില്‍ മാനഭംഗപ്പെടുത്തിയത്.
സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയും യുവതിയുടെ സുഹൃത്തായ സ്ത്രീയെയും എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി എട്ടോടെയാണ് സുഹൃത്തായ സ്ത്രീയോടൊപ്പം യുവതി ഷിപ്പ്യാർഡിനു സമീപത്തെ ബാറിലെത്തിയത്.
രാത്രി 10 ഓടെ യുവതി ബാറില്‍ കുഴഞ്ഞുവീണു. ഈസമയം യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് യുവാക്കളെത്തിയത്.
ഇവര്‍ യുവതിയെ കാറില്‍ കയറ്റി. എന്നാല്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ചു പീഡിപ്പിക്കുകയായിരുന്നു.
സംഭവം യുവതി അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഇവര്‍ പോലീസില്‍ പരാതി നല്കി.
ഇതോടെ യുവതിയും യുവാക്കളും രാത്രിയില്‍ എത്തിയ ബാറില്‍ പോലീസെത്തി പരിശോധന നടത്തി.
ബാറില്‍ യുവാക്കള്‍ നല്കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്കിയ മേല്‍വിലാസം വ്യാജമാണെന്നു കണ്ടെത്തി.
തുടര്‍ന്നു യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തു.
തുടര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതു കൊടുങ്ങല്ലൂര്‍ സ്വദേശികളാണെന്നു കണ്ടെത്തിയത്. പിന്നീട് യുവാക്കളെയും ഒത്താശ ചെയ്ത സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തിയശേഷം സംഭവം നടന്ന പോലീസ് സ്റ്റേഷന് പരിധിയായ എറണാകുളം സൗത്ത് പോലീസിനു കേസ് കൈമാറുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു നാലംഗസംഘം പിടിയിലായത്.
ഇന്നലെ രാത്രി എട്ടോടെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. യുവതി ബോധരഹിതയായ ശേഷം കാറില്‍ കയറ്റിയപ്പോള്‍ സുഹൃത്തായ സ്ത്രീ മനഃപൂര്‍വം ഒഴിഞ്ഞു മാറിയതാണെന്നാണു പോലീസ് സംശയിക്കുന്നത്.
നിലവില്‍ മൂന്നു യുവാക്കളും സുഹൃത്തായ യുവതിയും മാത്രമാണു പ്രതികളെന്നാണു പോലീസ് കണ്ടെത്തല്‍.
ഇരയാക്കപ്പെട്ട യുവതി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീടു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.