ന്യൂഡൽഹി: രാജ്യത്തിനു നാണക്കേടായി രാജ്യതലസ്ഥാനം. പത്തും പതിനൊന്നും വയസ് പ്രായമുള്ള ആൺകുട്ടികൾ ചേർന്ന് അഞ്ചവയസുകാരിയെ പീഡിപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കപാഷേരയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
മറ്റുകുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആൺകുട്ടികൾ കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കാണാതെ അമ്മ തിരിക്കിയിറങ്ങിയതോടെയാണ് സംഭവം അറിയുന്നത്.
വിജനമായ സ്ഥലത്ത് പെൺകുട്ടിയെ ആൺകുട്ടികൾ ചേർന്ന് ലൈംഗീകമായി കൈയേറ്റം ചെയ്യുന്നതു കണ്ട ഇവർ ബഹളംവച്ച് നാട്ടുകാരെ അറിയിച്ചു. ഇതോടെ ആൺകുട്ടികൾ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു. പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിൽ തെളിഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.