കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ അബോധാസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
അബോധാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കോഴിക്കോട് സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വെന്റിലേറ്ററിൽനിന്ന് ഇന്നലെ മാറ്റി.
യുവതി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു.
അതേസമയം കൂട്ടുകാരിക്കൊപ്പം യുവതിയെ ആശുപത്രിയിലെത്തിച്ച ആണ് സുഹൃത്തുക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ആണ് സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തും. ഇവർക്ക് മയക്കുമരുന്ന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ ബന്ധുക്കൾക്കൊപ്പം പോലീസ് തിരിച്ചയയ്ക്കുകയുണ്ടായി.
ഈ പെണ്‍കുട്ടിയുടെ മൊഴിയിൽ നിന്ന് സംഭവത്തെക്കുറിച്ച് വ്യക്തത പോലീസിനു ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസം 27-നായിരുന്നു കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിൽ എത്തിയത്.
വിദേശ ജോലിക്കായി ഖത്തർ വിസ സെന്റിലേക്കായാണ് ഇവർ എത്തിയതെന്നാണ് യുവതിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി പോലീസിനോട് പറഞ്ഞത്.
ചളിക്കവട്ടത്തെ ലോഡ്ജിൽ മുറിയെടുത്ത ഇവർ പിന്നീട് ചില ആണ് സുഹൃത്തുക്കൾക്കൊപ്പം നഗരത്തിൽ കറങ്ങിയതായും സൂചനയുണ്ട്.
യുവതി വെളുത്ത പൊടി ശ്വസിച്ചുവെന്നാണ് കൂട്ടുകാരി പറയുന്നത്. 28-നു വൈകുന്നേരം കോഴിക്കോട്ടേക്ക് പോകാൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില വഷളായതിനെത്തുടർന്ന് കൂട്ടുകാരിയുടെ ആണ്‍സുഹൃത്തുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.