പാലാ: വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള വീട്ടിൽ സജീർ (33) ആണ് അറസ്റ്റിലായത്.
വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ കോളജ് വിദ്യാർഥിനിയുമായി പരിചയപ്പെട്ട ഇയാൾ സൗദിയിൽ എയർപോർട്ട് ജീവനക്കാരനാണെന്നും, ഭാര്യയും നാലു വയസുള്ള കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നും ധരിപ്പിച്ചിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍നന്പർ കൈക്കലാക്കി വീഡിയോകോളിലൂടെയും മറ്റും ചാറ്റിനു പ്രലോഭിപ്പിച്ചു. പെണ്‍കുട്ടി അറിയാതെ അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു.
പിന്നീട് പല സ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടിയിരുന്നു. പെണ്‍കുട്ടിയുടെ കേടായ ഫോണ്‍ റിപ്പയർ ചെയ്യുന്നതിനായി വാങ്ങി ഫോണിലുള്ള മുഴുവൻ ഫോണ്‍ നന്പറുകളും ഇയാൾ കരസ്ഥമാക്കി.
പിന്നീട് സ്ക്രീൻഷോട്ട് കൂട്ടുകാരികൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തുകയായിരുന്നു.
പാലായിൽ വന്നാൽ സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാം എന്ന ഉറപ്പിൽ പെണ്‍കുട്ടി പാലായിലെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ എത്തിച്ച പ്രതി പീഡിപ്പിച്ചു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി അകലാൻ ശ്രമിച്ചെങ്കിലും പ്രതി വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു.
അതിനു വിസമ്മതിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പെണ്‍കുട്ടിയുടെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്തതോടെയാണ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കോട്ടയം ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവസ്ഥലം പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് പാലായിലേക്കു കൈമാറി.
തുടർന്ന് അന്വേഷണം ഏറ്റെടുത്ത പാലാ പോലീസ് പ്രതിയെ കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ എറണാകുളം കടവന്ത്രയിൽനിന്നു പിടികൂടി.