ഡെറാഡൂണ്‍: തന്നെ കടന്നുപിടിച്ചെന്ന മുംബൈയിലെ സന്യാസിനിയുടെ പരാതിയിൽ ബദരീനാഥ് ക്ഷേത്രം മുൻ മേൽശാന്തിക്കെതിരേ കേസ്. മുൻ മേൽശാന്തിയും മലയാളിയുമായ വിഷ്ണു പ്രസാദ് നന്പൂതിരി, ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി സിഇഒ ബി.ഡി. സിംഗ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജൂണിൽ ക്ഷേത്രം സന്ദർശിച്ചവേളയിൽ ഇരുവരും ചേർന്നു കടന്നുപിടിച്ചെന്നാണു പരാതിയിലുള്ളത്.
മുംബൈയിലെ തന്റെ വസ്തു തട്ടിയെടുക്കാൻ ഇരുവരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കുടുംബാംഗങ്ങളായ അഞ്ചുപേരെ കാണാതായതിലെ ദുരൂഹത അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചമേലി പോലീസ് മുംബൈയിലേക്കു തിരിച്ചു. മേൽശാന്തിക്കെതിരേ നേരത്തെയും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ചമേലി പോലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു.