തൊടുപുഴ: കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ പണമിടപാടുകാരനെതിരേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തൊടുപുഴ അരീപ്ലാവിൽ ഫിനാൻസ് ഉടമ മുട്ടം എള്ളുപുറം അരീപ്ലാവിൽ സിബി തോമസിനെതിരേയാണ് മുട്ടം പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.
തൊടുപുഴയ്ക്കു സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നടപടി. സിബി തോമസിൽനിന്നു വീട്ടമ്മ ഒരുലക്ഷം രൂപ കടം വാങ്ങിയിരുന്നു. പകരം ഇയാൾ ഇവരിൽ നിന്നും ആറ് ചെക്കുകൾ ഒപ്പിട്ടു വാങ്ങി. പിന്നീടാണ് ഇയാൾ ഇവരെ ശല്യം ചെയ്യാൻ തുടങ്ങിയത്.
വഴങ്ങാത്ത പക്ഷം കൈവശമുള്ള ചെക്കുകൾ ഉപയോഗിച്ചു കേസിൽപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഒരുലക്ഷം രൂപ തിരികെ നൽകിയിട്ടും ചെക്കുകൾ കോടതിയിൽ ഹാജരാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലും കുമരകത്തെ സ്വകാര്യ റിസോർട്ടിലും വാഹനത്തിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതിനിടെ ഇയാൾ വീട്ടമ്മയ്ക്കെതിരേ മുട്ടം കോടതിയിൽ ചെക്കുകേസും നൽകി. തുടർന്ന് വീട്ടമ്മ നിവൃത്തിയില്ലാതെ മൂന്നര ലക്ഷത്തോളം രൂപ കോടതിയിൽ കെട്ടിവച്ചു. പിന്നീടും പ്രതിയുടെ ശല്യം തുടർന്നതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്.
പീഡനം നടന്ന സ്ഥലങ്ങളിൽ പോലീസ് തെളിവെടുത്തു. മൊബൈൽ ടവർ ലൊക്കേഷനടക്കമുള്ള തെളിവുകൾ ശേഖരിച്ചു. വീട്ടമ്മയെ കൊണ്ടുപോയ വാഹനവും തിരിച്ചറിഞ്ഞു. പ്രതിക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതിനിടെ സമാനരീതിയിൽ പലരെയും ഇയാൾ ചെക്കുകേസിൽപ്പെടുത്തിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. മുട്ടം കോടതിയിൽ ഇയാൾ നിർധനരായ ഇടപാടുകാർക്കെതിരേ എഴുന്നൂറിലേറെ ചെക്കുകേസുകൾ നൽകിയിട്ടുണ്ട്.
മൂവാറ്റുപുഴയിൽ പോലീസുകാരനെ കൈയേറ്റം ചെയ്ത കേസിലും തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരേ കാപ്പ ചുമത്താൻ കാഞ്ഞാർ പോലീസ് മുൻപ് റിപ്പോർട്ട്നൽകിയിരുന്നു.