തൊടുപുഴ: മീന്‍ പിടിക്കാനുപയോഗിക്കുന്ന കുട്ടവഞ്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ജലാശയത്തിനു നടുവിലെ തുരുത്തില് എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില് ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തയാളാണ് പ്രതി. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നെന്ന് മുട്ടം എസ്എച്ച്ഒ പ്രിന്‍സ് ജോസഫ് പറഞ്ഞു.
മലങ്കര ജലാശയത്തില്‍ മീന്‍ പിടിത്തമാണ് പ്രതിയുടെ പ്രധാന തൊഴില്‍. മലങ്കര ജലാശയം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഉദയ ലാലിന് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു.
സംഭവ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു.
ഈ സമയം മീന്‍ പിടിക്കാനുപയോഗിക്കുന്ന രണ്ട് കുട്ട വഞ്ചികളിലായി പ്രതി പെണ്‍കുട്ടിയെയും മറ്റ് രണ്ട് കുട്ടികളെയും ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് കൊണ്ടു പോയി.
ഇതിനിടെ മറ്റ് രണ്ട് കുട്ടികളേയും തന്ത്രപൂര്‍വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി വിവരം പുറത്തു പറയുന്നത്.
ഇതോടെ ഹോസ്റ്റല്‍ അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇവിടെ നിന്നു പ്രതിയെ തേടി പോലീസ് മാത്തപ്പാറയിലെത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മുട്ടം പോലീസിന് കേസ് കൈമാറി.
ഇന്നലെ പോലീസ് ജലാശയത്തിന് നടുവിലെ തുരുത്തിലെത്തി പരിശോധന നടത്തി. തൊടുപുഴ അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ടിലാണ് പോലീസ് തുരുത്തിലെത്തിയത്.
പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ കുട്ട വഞ്ചിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയുടെ ആദ്യഭാര്യയും രണ്ടാമത് വിവാഹം കഴിച്ച യുവതിയും വിദേശത്താണ്.