പാലോട്: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ഇടിഞ്ഞാർ സ്വദേശിനിയായ 19 കാരിയെ കഴിഞ്ഞ 17 മുതൽ കാണാനില്ല എന്ന അമ്മയുടെ പരാതിയെ തുടർന്ന്പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിൽ (19)മായി പെൺകുട്ടി പ്രണയത്തിലാണ് എന്ന് പോലീസിന് അറിവ് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹസിനെയും തമിഴ്നാട് സ്വദേശികളായ രണ്ടു സുഹൃത്തുക്കളെയും താന്നിമൂട് ലോഡ്ജിൽ നിന്നും പോലീസ് പിടികൂടിയത്.
മാർത്താണ്ഡം പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടു പേർ. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നൽകിയിരുന്നത് രണ്ടും മൂന്നും പ്രതികൾ ആയിരുന്നുവെന്ന പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കടത്തിക്കൊണ്ട് വരുവാനും തമിഴ്നാട്ടിൽ താമസിപ്പിക്കാനുള്ള സഹായം ചെയ്തതും ഇവരായിരുന്നു . ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ചിരുന്നത്.
18 വയസ് തികയുന്നതിന് മുൻപും പെൺകുട്ടിയെ ബംഗളൂരുവിൽ കൊണ്ട് പോയി പീഡിപ്പിച്ചതായി പെൺകുട്ടി മജിസ്ട്രേററ്റിനു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിക്കെതിരെ പോക്സോ പ്രകാരമുള്ള കുറ്റവും ചുമത്തി.
പാലോട് സബ് ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ, ഗ്രേഡ് സബ് ഇൻസ്പെക്ടർ സാംരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നവാസ് ,നസീറ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജ രാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.