കോഴിക്കോട്: ബാലുശേരിയില്‍ നേപ്പാള്‍ സ്വദേശിനിയായ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണമാരംഭിക്കും.
പോലീസ് സ്റ്റേഷനില്‍ വച്ച് പ്രതി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അതേ പോലീസ് തന്നെ അന്വേഷിക്കുന്നതിലെ സാങ്കേതിക തടസത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഡിവൈഎസ്പി ആര്. ഹരിദാസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തും.
കൂടാതെ ആത്മഹത്യാശ്രമം നടത്താനുണ്ടായ കാരണം സംബന്ധിച്ച് പ്രതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി റൂറല്‍ എസ്പിയ്ക്ക് സമര്‍പ്പിക്കും.
പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളെ കുറിച്ചും വിശദമായി പരിശോധിക്കും. പിന്നീട് വിവാദങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ഇത്തരത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുന്നതിനിടെ കോണിപ്പടിയിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ഒന്നാം നിലയിലേക്ക് ചാടുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയില്‍ നിസാര പരിക്കാണ് സംഭവിച്ചത്.