റാഫേല്‍ യുദ്ധവിമാന ഇടപാട്! നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്, റിലയന്‍സ് കമ്പനിയ്ക്ക്; അംബാനിമാര്‍ക്കുവേണ്ടി നരേന്ദ്രമോദി നടത്തിയ കള്ളക്കളിയെന്ന് റിപ്പോര്‍ട്ട്

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അംബാനി സഹോദരന്മാര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ നടത്തിയ കള്ളക്കളി വെളിച്ചത്തെത്തിയതായി റിപ്പോര്‍ട്ട്. വ്യോമസേനയ്ക്ക് ഫ്രാന്‍സില്‍നിന്ന് 126 റാഫേല്‍ വിമാനം വാങ്ങാന്‍ 2012ല്‍ ഉണ്ടാക്കിയ പ്രാഥമിക ധാരണപത്രം മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 18 വിമാനം പൂര്‍ണമായി ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കുമെന്നും ശേഷിക്കുന്നവ സാങ്കേതികവിദ്യാ കൈമാറ്റംവഴി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുമെന്നുമായിരുന്നു അന്നുണ്ടാക്കിയ കരാര്‍. എന്നാല്‍, സംഭവിച്ചതിതാണ്. മോദി സര്‍ക്കാര്‍ എച്ച്എഎല്ലിനെ പൂര്‍ണമായും ഒഴിവാക്കി. മാത്രമല്ല, വിമാനവില മൂന്നിരട്ടിയാക്കുകയും ചെയ്തു. ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 200 വിമാനങ്ങള്‍ പഴകിവരുന്ന സാഹചര്യത്തില്‍ റാഫേല്‍ പോര്‍വിമാനങ്ങള്‍ അനിവാര്യമാണെന്ന് പ്രതിരോധസംഭരണ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.

2012ല്‍ 126 വിമാനത്തിനുള്ള ലേലം 1020 കോടി ഡോളറിന് ഫ്രഞ്ച് കമ്പനി ദാസ്സൂദ് നേടി. ഇതിനിടെ 2012 ഫെബ്രുവരിയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ദാസ്സൂദിന്റെ പങ്കാളിയായി. തുടര്‍ന്ന്, നിസ്സാരതര്‍ക്കങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാടിനുള്ള ഇന്ത്യഫ്രഞ്ച് കരാര്‍ ഒപ്പിടുന്നത് നീണ്ടുപോയി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായില്ല. മോദി സര്‍ക്കാര്‍ വന്നശേഷം 126 വിമാനം വാങ്ങാനുള്ള ചര്‍ച്ച തുടര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ റാഫേല്‍കരാര്‍ ഉറപ്പിച്ചു. 24,000 കോടി രൂപയ്ക്ക് 36 വിമാനം ലഭിക്കുമെന്നായിരുന്നു വിശദീകരണം. 400 കോടി ഡോളറിന്റെ (26,000 കോടിയോളം രൂപ) കരാര്‍ എന്നായിരുന്നു ഔദ്യോഗികവിശദീകരണം. പിന്നീട് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവിസ് ലെഡ്രെയാന്‍ ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു വിമാനത്തിന്റെ വില ധാരണപത്രത്തിലെ വിലയുടെ മൂന്നിരട്ടിയാക്കി.

മൊത്തം കരാര്‍ 59,000 കോടിയോളം രൂപയായി ഉയര്‍ന്നു. എച്ച്എഎല്ലിന് ഫ്രഞ്ച് കമ്പനി ദാസ്സൂദ് പോര്‍വിമാന സാങ്കേതികവിദ്യ കൈമാറുമെന്ന വ്യവസ്ഥ പുതിയ കരാറില്‍നിന്ന് ഒഴിവാക്കി. പകരം ദാസ്സൂദ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് ദാസ്സൂദ് റിലയന്‍സ് എയ്റോസ്പെയ്സ് എന്ന സംയുക്ത സംരംഭത്തിന് രൂപം നല്‍കി. 59,000 കോടി രൂപയുടെ കരാറില്‍ പകുതി തുകയ്ക്കുള്ള നിര്‍മാണം ഈ സംയുക്തസംരംഭമാണ് നടത്തുക. നാഗ്പുരിലെ റിലയന്‍സിന്റെ പ്രത്യേക സാമ്പത്തികമേഖലയിലാണ് നിര്‍മാണപ്രവൃത്തി. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എന്‍ജിന്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുക.

ഇന്ത്യന്‍ പ്രതിരോധചരിത്രത്തില്‍ ഏതെങ്കിലും സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വലിയ കരാറാണ് ഇതെന്ന് റിലയന്‍സുതന്നെ പറയുന്നു. പ്രതിരോധനിര്‍മാണമേഖല വിദേശ, ആഭ്യന്തര കോര്‍പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ തുറന്നുകൊടുത്തതിന്റെ ഫലമാണ് ഇത്. സര്‍ക്കാര്‍ എല്ലാ ഇളവും നല്‍കുന്ന പ്രത്യേക സാമ്പത്തികമേഖലയിലാണ് റിലയന്‍സിന്റെ നിര്‍മാണജോലി. സര്‍ക്കാരിന് നികുതിവരുമാനംപോലും കിട്ടില്ല. പ്രതിരോധനിര്‍മാണമേഖലയില്‍ 2015ല്‍മാത്രം പ്രവേശിച്ച കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതേസമയം, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് 70 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.

 

Related posts