ഓട്ടോസ്പോട്ട് /അജിത് ടോം
കാർ എന്ന സ്വപ്നം സാധാരണക്കാർ കാണാൻ തുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്കു മുന്‍പുതന്നെ ആളുകൾ ഏറെ പരിചിതമായ പേരാണ് സ്കോഡ. നിരവധി മോഡലുകളുടെ വരവോടെ ഏറെ ജനകീയമായ കന്പനിയായി ഇന്ന് സ്കോഡ മാറിയിട്ടുണ്ട്. സ്കോഡയുടെ ഏറെ ജനപ്രിയമോഡലായ റാപ്പിഡിന്റെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്നതും കടുത്ത മത്സരം നടക്കുന്നതുമായ സെഗ്മെന്റാണ് സെഡാൻ. മാരുതി സിയാസ്, ഫോക്സ്വാഗണ് വെന്റോ, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി എന്നീ കരുത്തരുടെ നിരയിലേക്കാണ് മുഖം മിനുക്കിയ റാപ്പിഡും എത്തിയത്. എതിരാളികളോടു പിടിച്ചുനില്ക്കാൻ മാത്രം സൗന്ദര്യവും സൗകര്യവും റാപ്പിഡിനുണ്ട്.
പുറംമോടി: മുന്‍പുണ്ടായിരുന്ന മുഖം മാറ്റി പുതിയ ഗ്രില്ലും പുതിയ ഡിസൈനിലുള്ള ഹെഡ്ലാന്പും ഉറപ്പിച്ചാണ് റാപ്പിഡ് പുറത്തിറക്കിയിരിക്കുന്നത്. ആഡംബര കാറുകളോടു കിടപിടിക്കുന്ന രീതിയിൽ ബ്ലാക്ക് ഗ്രില്ലിനു ക്രോം ഒൗട്ട്ലൈൻ ഉൾക്കൊള്ളിച്ചാണ് ഗ്രില്ലിന്റെ രൂപകല്പന. കറുത്ത ഷേഡുള്ള ഹെഡ്ലാന്പിൽ പ്രൊജക്ഷൻ ലാന്പ് ഉൾപ്പെടെ ഡുവൽ ബീം ലൈറ്റുകളും എൽഇഡി ഡേടൈം ലൈറ്റുകളുമുണ്ട്. ഹണി കോന്പ് എയർഡാമും ചതുരാകൃതിയിലുള്ള ഫോഗ് ലാന്പുമാണ് ബംപറിന്റെ താഴ്ഭാഗം അലങ്കരിക്കുന്നത്.
വശങ്ങൾ സ്കോഡയുടെ മറ്റു മോഡലുകളായ ലോറ, ഒക്ടാവിയ തുടങ്ങിയവയുമായി സാമ്യം തോന്നിക്കുന്നതാണ്. ബോണറ്റ് മുതൽ പിന്നിലേക്കു നീളുന്ന ഷോൾഡർ ലൈനും ബ്ലാക്ക് പില്ലറുകളും വശങ്ങളെ ആകർഷകമാക്കുന്നു. അഞ്ച് സ്പോക് 15 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്.
പിന്നിൽ ബ്രേക്ക് ലൈറ്റ്, ടേണ്‍ ഇൻഡിക്കേറ്റർ, റിവേഴ്സ് ലൈറ്റ് എന്നിവ ചേരുന്ന ചെറിയ ടെയിൽലാന്പും ഹാച്ച് ഡോറിനു താഴെ ക്രോം സ്ട്രിപ്പും നല്‍കിയാണ് പിൻഭാഗത്തിന്റെ രൂപകല്പന.
ഉൾവശം: ലളിതവും സ്റ്റൈലിഷും എന്നു വിശേഷിപ്പിക്കാം ഇന്റീരിയർ ഡിസൈൻ. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഡുവൽ ടോണ്‍ ഡാഷ്ബോർഡാണുള്ളത്. ക്രോം ഇൻസേർട്ടുള്ള എസി വെന്റുകളും ഡാഷ്ബോർഡിന്റെ മാറ്റു കൂട്ടുന്നുണ്ട്. ചതുരാകൃതിയിലുള്ള എസി വെന്റുകളും 6.5 ഇഞ്ച് ഇൻഫോടെയിൽമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റും ചേർന്നാണ് സെന്റർ കണ്‍സോൾ അലങ്കരിച്ചിരിക്കുന്നത്.
ആം റെസ്റ്റ്, ഡോർ പാനൽ, സെന്റർ കണ്‍സോളിന്റെ താഴ്ഭാഗം തുടങ്ങി ധാരാളം സ്റ്റോറേജ് സ്പേസും ഇതിൽ ഒരുക്കിയിരിക്കുന്നു. സ്പോർക്കുകളിൽ ക്രോം ലൈനുകളുള്ള സ്റ്റീയറിംഗ് വീലാണ് റാപ്പിഡിന്. രണ്ട് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ സ്ക്രീനും ഉൾപ്പെടുന്നതാണ് മീറ്റർ കണ്‍സോൾ. ഫോർഡിന്റെ കാറുകളിലേതിനു സമാനമായി ഡാഷ്ബോർഡിന്റെ സൈഡിൽ നല്‍കിയിരിക്കുന്ന നോബിലാണ് ഹെഡ്ലൈറ്റ് സംവിധാനം.
സീറ്റുകൾ ഫാബ്രിക് ഫിനീഷിംഗുള്ളവയാണ്. മുൻനിര യാത്രക്കാർക്ക് ആം റെസ്റ്റുണ്ട്. പിൻനിരയിൽ മൂന്നു പേർക്ക് സുഗമമായി യാത്രചെയ്യാൻ കഴിയും.
സുരക്ഷ: ബേസ് മോഡൽ മുതൽ രണ്ട് എയർബാഗും എബിഎസ് ബ്രേക്കിംഗ് സംവിധാനവും റാപ്പിഡിനു സുരക്ഷയൊരുക്കുന്നുണ്ട്. ഓട്ടോമാറ്റിക് മോഡലിനു ഹിൽ അസിസ്റ്റ് കണ്ട്രോൾ സംവിധാനവും ഡീസൽ ഓട്ടോമാറ്റികിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ സംവിധാനവുമുണ്ട്. അപകടമുണ്ടായാൽ ഇന്ധന സപ്ലൈ തനിയെ നിലയ്ക്കുമെന്നതും സുരക്ഷയുടെ ആക്കം കൂട്ടുന്നു.
എൻജിൻ: 1.6 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് റാപ്പിഡ് എത്തുന്നത്. കൂടാതെ രണ്ട് മോഡലിനും അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലും പുറത്തിറക്കുന്നുണ്ട്.
1.6 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ഗിയർബോക്സ് 1598 സിസിയിൽ 103.52 ബിഎച്ച്പി പവറും 153 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്പോൾ 1.5 ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ 1489 സിസിയിൽ 108.4 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: ഡീസൽ മോഡലുകൾക്ക് 21.14 കിലോമീറ്ററും പെട്രോൾ മോഡലുകൾക്ക് 14.3 കിലോമീറ്ററും.
വലുപ്പം: 4413 എംഎം നീളവും 1699 എംഎം വീതിയും 1466 എംഎം ഉയരത്തിനുമൊപ്പം 163 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഒരുക്കിയിട്ടുള്ള റാപ്പിഡിൽ 450 ലിറ്റർ ബൂട്ട് സ്പേസുമുണ്ട്.