കാസർഗോഡ്: വിദേശത്തു ജോലിക്കു പോകുമ്പോള്‍ വീട്ടിലെ കാര്യം നോക്കാനേല്‍പ്പിച്ച സുഹൃത്ത് ഭര്‍ത്താവിന് കൊടുത്തത് എട്ടിന്റെ പണി. ഇരുപത്തഞ്ചുകാരിയായ ഭാര്യയെ പീഡിപ്പിച്ചതിനു പുറമേ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് നാല് കൂട്ടുകാര്‍ക്കു കൂടി പീഡിപ്പിക്കാന്‍ അവസരമൊരുക്കി.
ലോക്ക് ഡൗണില്‍ നാട്ടിലെത്തിയ ഭര്‍ത്താവ് വിവരമെല്ലാം അറിഞ്ഞപ്പോള്‍ സിനിമാ സ്റ്റൈലില്‍ സുഹൃത്തിന്റെ കൈയും കാലും തല്ലിയൊടിച്ച് പ്രതികാരം നടപ്പാക്കി. എല്ലാം കഴിഞ്ഞപ്പോള്‍ രണ്ടു ഭാഗത്തുമായി 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
2016 ലാണ് സംഭവത്തിന്റെ തുടക്കം. ഉദുമ സ്വദേശിയായ യുവാവാണ് താന്‍ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലെ കാര്യം നോക്കാന്‍ ഓട്ടോ ഡ്രൈവറായ സുഹൃത്തിനെ ഏല്‍പ്പിച്ചത്.
ഇക്കാര്യം ബന്ധുക്കളുള്പ്പെടെയുള്ളവര്ക്ക് നേരത്തേ അറിയാമായിരുന്നതിനാല്‍ യുവാവ് ഗള്‍ഫിലേക്ക് മടങ്ങിക്കഴിഞ്ഞും ഓട്ടോ ഡ്രൈവര്‍ ഇടയ്ക്കിടെ വീട്ടില്‍ കയറിയിറങ്ങുന്നതില്‍ ആരും അസ്വാഭാവികതയൊന്നും കണ്ടില്ല. ഇതിനിടയിലാണ് ഇയാള്‍ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
ഒടുവില്‍ അത് ശാരീരികബന്ധം വരെയെത്തിയപ്പോഴാണ് കഥ മാറിത്തുടങ്ങിയത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്നപ്പോള്‍ നടന്ന കാര്യം ഓട്ടോ ഡ്രൈവര്‍ മൊബൈലില്‍ പകര്‍ത്തിവച്ചിരുന്നു. പിന്നീട് ഇത് തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ഈ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത് ഇവര്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.
ഇതോടെ ഈ രണ്ടുപേര്‍ക്കും വഴങ്ങിക്കൊടുക്കാന്‍ യുവതി നിര്‍ബന്ധിതയായി. പിന്നീട് ഓട്ടോ ഡ്രൈവര്‍ അറിയാതെ ഇവര്‍ മറ്റു രണ്ടുപേര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറുകയും അവര്‍ക്കു കൂടി യുവതിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ ഓട്ടോ ഡ്രൈവറുടെ കൈവിട്ടുപോയി.
ഇനിയും ഉപദ്രവിച്ചാല്‍ അഞ്ചുപേരുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി ഇയാളെ വിളിച്ച് പറഞ്ഞതോടെ ഇയാള്‍ തന്നെ ഇടപെട്ട് കൂടുതല്‍ പീഡനങ്ങള്‍ നടത്തുന്നതില്‍ നിന്നും സുഹൃത്തുക്കളെ തടയുകയും ചെയ്തു. 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ഇക്കാര്യമത്രയും നടന്നത്. വിദശത്തുള്ള ഭര്‍ത്താവിനോട് യുവതിയോ സുഹൃത്തോ ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.
ലോക്ക് ഡൗണ്‍ കാലത്ത് ഭര്‍ത്താവ് നാട്ടിലെത്തിയിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നാല്‍ അടുത്തിടെ പഴയ സംഘത്തില്‍ പെട്ട രണ്ടുപേര്‍ വീണ്ടും ഭീഷണിയുമായി യുവതിയെ സമീപിച്ചതോടെയാണ് പൊറുതിമുട്ടിയ അവസ്ഥയില്‍ യുവതി ഭര്‍ത്താവിനോട് എല്ലാം തുറന്നുപറഞ്ഞത്.
നടന്നതത്രയും കേട്ടറിഞ്ഞിട്ടും കണ്ട്രോള് വിടാതെ നിന്ന ഭര്‍ത്താവ് എല്ലാത്തിനും കാരണക്കാരനായ ആത്മാര്‍ഥ സുഹൃത്തിനെ വിളിച്ചുവരുത്താന്‍ യുവതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ സംഭവം നടന്നത്.
ഒന്നുമറിയാതെ വീട്ടിലെത്തിയ ഡ്രൈവറോട് ഒരു അമ്മിക്കല്ല് വാങ്ങി കൊണ്ടുവരുന്നതിനായി മേല്‍പ്പറമ്പിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് പരമ്പരാഗത രീതിയില്‍ അമ്മിക്കല്ല് കൊത്തി ഉണ്ടാക്കുന്നവര്‍ ഏറെയുള്ളതിനാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംശയമൊന്നും തോന്നിയില്ല. യുവതിയെ കൂട്ടാതെ ഭര്‍ത്താവ് മാത്രം ഓട്ടോയില്‍ കയറി മേല്‍പ്പറമ്പിലെ ഒരു വീട്ടിലെത്തിച്ചു.
അവിടെ നേരത്തേ ഏഴ് ഗുണ്ടകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇവരും ഒപ്പം യുവതിയുടെ ഭര്‍ത്താവും ചേര്‍ന്ന് ഇരുമ്പുവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ഡ്രൈവറുടെ രണ്ടു കൈയും രണ്ടു കാലും തല്ലിയൊടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലായതോടെയാണ് സംഭവകഥകള്‍ പൂര്‍ണമായും പുറത്തറിഞ്ഞത്. ഓട്ടോ ഡ്രൈവര്‍ അഷറഫിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും റിയാസ്, സഫീഖ്, ജുനൈദ്, മൊയ്തീന്‍കുഞ്ഞി, മുന്ന എന്നിവരുമുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയും 2016 ല്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനത്തിനിരയാക്കിയതിന് ഓട്ടോ ഡ്രൈവര്‍ അഷ്റഫ്, തുഫൈല്‍, മുനീര്‍, ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.