ടെഹറാൻ: കഴിഞ്ഞ വർഷം രാജ്യത്തെ നടുക്കിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രശസ്ത റാപ്പർ തൂമാജ് സലേഹിയെ ഇറാൻ ആറു വർഷവും മൂന്നു മാസവും തടവിനു ശിക്ഷിച്ചു.
അദ്ദേഹത്തിനു വേണ്ടി പ്രചാരണം നടത്തിയ ജർമൻ പാർലമെന്റ് അംഗം യെവണ് റിയെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിലെ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും അവരുടെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത 22കാരിയായ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നു നടന്ന പ്രക്ഷോഭത്തിൽ തെരുവിലിറങ്ങിയ ആയിരക്കണക്കിനു യുവാക്കളിൽ സലേഹിയും ഉൾപ്പെട്ടിരുന്നു.
പ്രതിഷേധം രാജ്യത്തുടനീളം വ്യാപിക്കുകയും ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം പ്രക്ഷോഭകാരികൾ ഉയർത്തുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ മുപ്പത്തിമൂന്നുകാരനായ റാപ്പർ ഓണ്‍ലൈനിൽ പാട്ടുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ഇറാൻ സർക്കാരിനെ വിമർശിച്ചിരുന്നു.