കോട്ടയം: രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ റൂട്ട് മാർച്ച്. ഇന്നു മുതൽ അഞ്ചു ദിവസത്തേക്കാണ് ആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട്മാർച്ച് നടത്തുന്നത്. ഇന്നു രാവിലെ കഞ്ഞിക്കുഴിയിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഇവർ റൂട്ട്മാർച്ച് നടത്തി. രണ്ട് ഡിവൈഎസ്പിമാർ, നാല് സിഐമാർ എന്നിവരടങ്ങുന്ന 52 അംഗ സംഘമാണ് എത്തിയിരിക്കുന്നത്.
ഇന്നുച്ചകഴിഞ്ഞ് കുമരകത്തും ഇവർ റൂട്ട്മാർച്ച് നടത്തും. നാളെ പാലാ, ഈരാറ്റുപേട്ട. ആഗസ്റ്റ് ഒന്നിന് പൊൻകുന്നം, കാഞ്ഞിരപ്പള്ളി, രണ്ടിന് ചങ്ങനാശേരി, കറുകച്ചാൽ, മൂന്നിന് ഏറ്റുമാനൂർ , ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് റൂട്ട്മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
അടുത്തയിടെ രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന ചിറക്കടവ് , ഈരാറ്റുപേട്ട എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ ആർപിഎഫിന്റെ സഹായം വേണ്ടി വന്നാൽ എത്തിച്ചേരാനുള്ള വഴി, ഭൂമിശാസ്ത്ര പരമായ മറ്റു വിവരങ്ങൾ എല്ലാം ഇവർ ശേഖരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമാന രീതിയിലുള്ള റൂട്ട്മാർച്ച് നടത്തുന്നുണ്ട്.