സ്വന്തംലേഖകന്‍
കോഴിക്കോട്: വനംവകുപ്പിലെ റാപ്പിഡ് റസ്പോണ്‍സ് ടീമിലെ (ആര്‍ആര്‍ടി) താത്കാലിക ജീവനക്കാര്‍ ദുരിതത്തില്‍ . കൃത്യമായ വേതനമോ അടിസ്ഥാന സൗകര്യമോ ഒന്നും തന്നെ ഇവര്‍ക്ക് ഒരുക്കാന്‍ വനംവകുപ്പ് തയാറാവുന്നില്ല. വനംവകുപ്പിലെ ഏറ്റവും അപകടകരമായ ജോലികള്‍ ചെയ്യുന്നത് വന്യജീവി സംരക്ഷണ വിഭാഗത്തിലെ ആര്‍ആര്‍ടി ആണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇവര്‍ 24 മണിക്കൂറും ജോലിചെയ്യേണ്ട അവസ്ഥയിലാണിന്നുള്ളത്.
കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്ന വന്യജീവികളെയും വിഷമുള്ള പാമ്പുകളെയും പിടികൂടുന്നത് താത്കാലിക ജീവനക്കാരാണ്. ഇത്തരത്തില്‍ ജീവികളെയും മൃഗങ്ങളേയും പിടികൂടിയാല്‍ വനത്തിനുള്ളില്‍ വിടുന്നതിന് വാഹനസൗകര്യവും പോലും ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തയാറാവുന്നില്ല. സ്വന്തം ചെലവിലാണ് ഇവര്‍ ജീവികളേയും മറ്റും കാട്ടിലെത്തിക്കുന്നത്.
ജില്ലയില്‍ കോഴിക്കോട് – താമരശ്ശേരി റേഞ്ചിനു കീഴില്‍ നാല് താല്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. കുറ്റ്യാടി മുതല്‍ ചാലിയം വരെയുള്ള സ്ഥലങ്ങളാണ് ഇവരുടെ പരിധിയില്‍ വരുന്നത്. വളര്‍ത്തു മൃഗങ്ങളൊഴിച്ച് മറ്റുള്ള മൃഗങ്ങള്‍ക്ക് അപകടം പറ്റുകയോ നാട്ടിലിറങ്ങുകയോ ചെയ്താല്‍ പിടികൂടേണ്ടതും സംരക്ഷിക്കേണ്ടതും കാട്ടിലെത്തിക്കേണ്ടതും ഇവരുടെ ചുമതലയാണ്. പക്ഷികളും മീനുകളും ഉള്‍പ്പെടെ ഇവരുടെ ചുമതലയില്‍ ഉള്‍പ്പെടും.
ഡോള്ഫിനുള്പ്പെടെയുള്ള വലിയ മീനുകള്‍ കരക്കടിഞ്ഞാല്‍ ഇവരുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റേമോര്‍ട്ടം നടത്താന്‍ പാടുള്ളൂവെന്നാണ് ചട്ടം. എന്നാല്‍ ആര്‍ആര്‍ടിയ്ക്ക് താമരശേരി റേഞ്ചില്‍ മാത്രമാണ് വാഹനം അനുവദിച്ചിട്ടുള്ളത്. അതേസമയം ഏറ്റവും കൂടുതല്‍ കേസുകള്‍ വരുന്നത് നഗരപരിധിയിലാണ്. ഒരു ദിവസം ശരാശരി ആറ് കേസെങ്കിലും നഗരപരിധിയിലുണ്ടാവാറുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇത്തരത്തില്‍ വിഷമുള്ള പാമ്പുകളേയും മറ്റും പിടികൂടാനായി പോവുന്ന താത്കാലിക ജീവനക്കാര്‍ക്ക് കെയര്‍ ഷൂസും ഗ്ലൗസും മാത്രമാണ് രക്ഷാകവചം. ഇത് സ്വന്തം ചെലവില്‍ വാങ്ങുകയും വേണം. വിഷമുള്ള പാമ്പുകളേയും മറ്റും പിടികൂടുന്നതിനോ മറ്റു ആവശ്യങ്ങള്‍ക്കോ മരത്തിന് മുകളില്‍ കയറാനുള്ള കോണിപോലും ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ല.
24 മണിക്കൂറും ജോലിയുള്ള വനംവകുപ്പിലെ താത്കാലിക ജീവനക്കാര്‍ക്ക് പ്രതിദിനം 630 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു മാസം മുഴുവന്‍ ജോലിയെടുക്കുമ്പോള്‍ 26 ദിവസത്തെ ശമ്പളം മാത്രമാണ് നല്‍കുന്നത്. 30 ദിവസം ജോലിക്കെത്തിയാലും നാല് ദിവസം അവധിയെന്നാണ് സര്‍ക്കാര്‍ രേഖകളിലുണ്ടാകുക. അതേസമയം തുച്ഛമായ ശമ്പളമാണെങ്കിലും അത് കൃത്യമായി ജീവനക്കാര്‍ക്ക് നല്‍കാറില്ലെന്നും ആരോപണമുയരുന്നുണ്ട്.