തൃശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എംപി ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് നിലവിലുള്ള സാങ്കേതിക തടസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു.
ജില്ലയിലെ ഉപയോഗത്തിനായി റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനു ടി.എൻ. പ്രതാപൻ എംപി ഒരു കോടി രൂപയും ബെന്നി ബെഹനാൻ എംപി എട്ടു ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നതാണ്.
എന്നാൽ ജില്ലയിൽ മെഡിക്കൽ കോളജ് ഒഴികെ ആരോഗ്യവകുപ്പിനുകീഴിലുള്ള മറ്റു സ്ഥാപനങ്ങളിലൊന്നും തന്നെ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനു യോഗ്യത ഇല്ലെന്ന സാങ്കേതിക തടസം മൂലം ജില്ലാ മെഡിക്കൽ ഓഫീസർ റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് സാവകാശം വേണമെന്ന് ജില്ലാ കളക്ടറോട് അപേക്ഷിച്ചിരിക്കുകയായി രുന്നു.
മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത് ആലത്തൂർ മണ്ഡലത്തിലാണ്. സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അനുവദിച്ച ഒരു കോടി എട്ടു ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് സമയ ബന്ധിതമായി വിനിയോഗിക്കുന്നതിനു മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യമാണെന്നു മുഖ്യമന്ത്രിക്കയച്ച കത്തിൽ എംപി അറിയിച്ചു.
റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന് മെഡിക്കൽ കോളജിന്റെ അധികാര പരിധി തൃശൂർ റവന്യൂ ജില്ല മുഴുവൻ ആക്കി വർധിപ്പിച്ച് പ്രത്യേക ഉത്തവിറക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു.
്്