കോട്ടയം: നാവികനായ സുഹൃത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കോട്ടയം സ്വദേശിനിയാണു കോട്ടയത്തെ ഹോട്ടൽ മുറിയിൽ വച്ച് നാവികനായ സുഹൃത്ത് പീഡിപ്പിച്ചതായി കാണിച്ചു പരാതി നല്കിയത്. കഴിഞ്ഞ ദിവസമാണു സംഭവം.
സുഹൃത്തായ നാവികൻ തന്നെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മുറിയിൽവച്ചു വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മുംബൈയിൽ ജോലി ചെയ്യുന്ന കുടമാളൂർ സ്വദേശിയായ നാവികൻ കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്.
തുടർന്നു കോട്ടയത്തെ ഒരു ഹോട്ടലിൽ മുറിയെടുത്തു. പീഡനത്തെത്തുടർന്ന് പരിക്കേറ്റ് ഹോട്ടൽ മുറിയിൽ കിടന്നിരുന്ന യുവതിയെ ഹോട്ടൽ ജീവനക്കാരാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവതിക്കു ബോധം തെളിഞ്ഞതോടെ വെസ്റ്റ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്തശേഷം നാവികനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കുമെന്നു വെസ്റ്റ് പോലീസ് പറഞ്ഞു.