സോഷ്യല്‍മീഡിയയില്‍ അതിവേഗം പകരുന്നൊരു ദാരുണ ദുരന്തത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. എന്‍സിസി മോക്ഡ്രില്ലിന്റെ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി രണ്ടാംനിലയില്‍ നിന്ന് ചാടുന്നതും സണ്‍ഷേഡില്‍ തലയിടിച്ച് മരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കോയമ്പത്തൂരിലെ കോവൈ കലൈമഗള് കോളേജില്‍ ലോകേശ്വരി എന്ന പത്തൊമ്പതുകാരി പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി.
പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന് ആര് അറുമുഖന് തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി.