സ്വന്തം ലേഖകന്‍
തൃശൂര്‍: രണ്ടു മിനിറ്റുകൊണ്ട് അഴിച്ചെടുത്ത് മടക്കിയൊതുക്കി ചെറിയ പായ്ക്കറ്റിലാക്കാവുന്ന പ്ലാസ്റ്റിക് സ്റ്റൂളും കസേരയും. യാത്രാവേളകളില്‍ വളരെ പ്രയോജനകരമായ സ്റ്റൂളും കസേരയും വികസിപ്പിച്ചെടുത്തതു തൃശൂര്‍ കുറ്റൂര്‍ സ്വദേശിയായ ഐഎസ്ആര്‍ഒയിലെ മുന്‍ എന്‍ജിനിയര്‍ കെ.ഐ. പോള്‍. രണ്ടു രൂപകല്പനയ്ക്കും പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പ്ലാസ്റ്റിക് നിര്‍മിതമാണെങ്കിലും നൂറു കിലോവരെ ഭാരം താങ്ങാന്‍ ശേഷിയുള്ള സ്റ്റൂളിനു 1.36 കിലോഗ്രാം മാത്രമാണു ഭാരം. കസേരയ്ക്കാണെങ്കില്‍ 1.58 കിലോഗ്രാമും. മൂന്നു കാലുകളും അവ താഴെ ഉറപ്പിക്കാവുന്ന പ്ലാറ്റ്ഫോമും മുകളില്‍ ഉറപ്പിക്കാവുന്ന ഇരിപ്പിടവും അടക്കം ചെറിയ അഞ്ചു ഘടകങ്ങള്‍ മാത്രമാണു സ്റ്റൂളിനുള്ളത്. നട്ടും ബോള്‍ട്ടും ആവശ്യമില്ല.
ഘടിപ്പിക്കാനും അഴിച്ചുവയ്ക്കാനും ഉപകരണങ്ങളുടെ സഹായവും വേണ്ട. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ 280- 300 രൂപ മാത്രമേ വിപണിവില വരൂ. യാത്രാവേളകളില്‍ ഇത്തരം സ്റ്റൂള് വളരെ പ്രയോജനകരമാണെന്നു പോള്‍ (ഫോണ്‍: 9745230559) ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒയില്‍ പോളിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത പൈറോ ടെക്നിക് മാതൃക കഴിഞ്ഞ വര്‍ഷംമുതല്‍ ഇന്ത്യ ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്നുണ്ട്. റോക്കറ്റ് ഉപഗ്രഹത്തെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചശേഷം ഭൂമിയില്‍നിന്ന് ഇലക്ട്രോണിക് സിഗ്നല്‍ നല്കിയാല് സാറ്റലൈറ്റ് ആന്റിന കുടപോലെ വിടരുന്ന സംവിധാനമാണു പോള്‍ വികസിപ്പിച്ചെടുത്തത്.
ആന്റിനയുടെ ചുരുക്കിവച്ച പാഡുകള്‍ക്കു മുകളിലെ കെട്ടുകള്‍ സിഗ്നല്‍ ലഭിക്കുന്നതോടെ ഉരുകുന്ന വിദ്യയാണിത്. 1980 മുതല്‍ ഈ വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലായിരുന്നു പോള്‍. 1993ലാണു വിദ്യ വിജയകരമാണെ ന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്. എന്നാല്‍ പ്രയോഗത്തില്‍ വ രുത്തിയതു കഴിഞ്ഞ വര്‍ഷമാണ്.ഡല്‍ഹിയില്‍ പൈപ്പുലൈനുകളില്നിന്നു വാട്ടര്‍ ടാപ്പുകളുടെയും വാല്‍വുകളുടെയും മോഷണംമൂലം പൈപ്പിലെ വെള്ളം പാഴാകുന്നതു തടയാവുന്നയിനം വാല്‍വും ടാപ്പും വികസിപ്പിച്ചെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തി യ മത്സരത്തില്‍ പോളിന്റെ രൂപകല്പനയാണു 1984 ല്‍ തെരഞ്ഞടുക്കപ്പെട്ടത്.
രൂപകല്പനയുടെ ഡ്രോയിംഗും എങ്ങനെ നിര്‍മിക്കാമെന്ന വിശദീകരണവും നിര്‍മിച്ച ഉപകരണവും സഹിതമാണു സമര്‍പ്പിച്ചത്. വാഗ്ദാനം ചെയ്തിരുന്ന സമ്മാനത്തുക ലഭിച്ചില്ലെങ്കിലും തൊട്ടടുത്ത വര്‍ഷംതന്നെ ആ മോഡല്‍ വിപണിയിലിറങ്ങി. കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലോ ഉയരത്തിലോ ഉള്ള ബള്‍ബുകള്‍ അഴിച്ചെടുക്കാനും ഘടിപ്പിക്കാനും സഹായിക്കുന്ന ബുള്‍ റി ഇന്‍ (ബള്‍ബ്- റിമൂവല്‍- ഇന്‍സര്‍ഷന്‍) ഉപകരണം 2003 ല്‍ വികസിപ്പിച്ചെടുത്തിരുന്നു. പൂങ്കുന്നം കുന്നംകുടത്ത് ഇനാശുവിന്റെ മകനായ പോള്‍ 1969 ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. ഏഴു വര്‍ഷം മുമ്പു വിരമിച്ചു. ഐഎസ്ആര്‍ഒയില്‍നിന്നു വിരമിച്ച ലീലാമ്മയാണു പത്നി.